ന്യൂഡല്‍ഹി: തെലങ്കാന തിരഞ്ഞെടുപ്പ് ജ്യോതിഷ പ്രവചനത്തിന് അനുസരിച്ച് നടത്താനാകില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്ത്. ഈ വര്‍ഷം മറ്റ് നാല് സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനൊപ്പം തെലങ്കാന തിരഞ്ഞെടുപ്പ് നടത്താനാകുമോ എന്ന് പരിശോധിക്കും. എന്നാല്‍ ജ്യോതിഷ പ്രവചനം അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു. തെലങ്കാന തിരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു തന്റെ ഭാഗ്യനമ്പരായി കണക്കാക്കുന്ന ആറാം തീയതിയാണ് നിയമസഭ പിരിച്ചുവിട്ടത്. സംസ്ഥാനത്ത് പാര്‍ട്ടിക്ക് അനുകൂല സാഹചര്യമാണെന്നും അധികാരത്തിലേക്ക് തിരിച്ചു വരാനാകുമെന്നും കെസിആര്‍ കണക്കുകൂട്ടുന്നു. ഇതേതുടര്‍ന്നാണ് നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്തത്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്, മിസോറാം എന്നീ സംസ്ഥാനങ്ങളിലേക്ക് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കും. ഈ സംസ്ഥാനങ്ങള്‍ക്കൊപ്പം തെലങ്കാന തിരഞ്ഞെടുപ്പ് നടത്താനാകുമോ എന്ന് ഇന്ന് ചേരുന്ന യോഗത്തില്‍ കമ്മീഷന് തീരുമാനിക്കും.
ഒരു നിയമസഭ പിരിച്ചുവിട്ടാല്‍, പിരിച്ചുവിട്ട തീയതി മുതല്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്താന്‍ അനുയോജ്യമായ സാഹചര്യമാണോയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍. മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനൊപ്പം തെലങ്കാന തിരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു. എന്നാല്‍ വോട്ടര്‍ പട്ടിക പുതുക്കുന്ന ജോലി ബാക്കിയാണ്.
പാര്‍ട്ടിക്ക് അനുകൂല സാഹചര്യമാണെന്ന വിലയിരുത്തലില്‍ വ്യാഴാഴ്ചയാണ് സംസ്ഥാന നിയമസഭ പിരിച്ചുവിട്ടത്. പുതിയ നിയമസഭ തിരഞ്ഞെടുക്കപ്പെടുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ കെ ചന്ദ്രശേഖര്‍ റാവുവിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.