ചെന്നൈ: വിദ്യാര്‍ത്ഥി സ്നേഹത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ മാതൃകാ അധ്യാപകനാണ് തിരുവള്ളൂരിലെ ഗോവിന്ദ് ഭഗവാന്. ജോലിചെയ്തുകൊണ്ടിരുന്ന സ്കൂളില്‍ നിന്നും സ്ഥലം മാറിപോകുന്ന ഭഗവാനെ വിടാതെ തടഞ്ഞുവച്ച് കരയുന്ന വിദ്യാര്‍ത്ഥികളുടെ രംഗത്തിലൂടെയാണ് ഇദ്ദേഹം ലോകശ്രദ്ധ പിടിച്ചു പറ്റിയത്.
ഈ അധ്യാപക ദിനത്തില്‍ കുട്ടികളുടെ ഇഷ്ടം പിടിച്ചു പറ്റിയത് എങ്ങനെയെന്ന് പങ്കുവയ്ക്കുകയാണ് ഭഗവാന്:
‘2014ലാണ് അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുന്നത്. നാലുവര്‍ഷത്തിനിടെ അധ്യാപന ശൈലിയില്‍ പല മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ശ്രമിച്ചു. ഓരോ ദിവസവും കുട്ടികള്‍ക്കായി എന്താണ് ചെയ്യേണ്ടതെന്ന ചിന്തയാണ്.
അവരുമായി അടുത്ത് ഇടപെടും. എന്ത് സംശയം ഉണ്ടെങ്കിലും ധൈര്യമായി അവര്‍ക്കെന്നെ സമീപിക്കാമെന്ന തോന്നല്‍ ഉണ്ടാക്കി. വീട്ടിലെത്തിയാലും പാഠഭാഗങ്ങളിലെ സംശയങ്ങള്‍ അവര്‍ എന്നെ വിളിച്ച് ചോദിക്കും.
അധ്യാപകര്‍ എപ്പോഴും വിദ്യാര്‍ത്ഥികളെ ചേര്‍ത്തു നിര്‍ത്തേണ്ടവരാണ്. അല്ലാതെ പേടിപ്പിച്ച് അകറ്റി നിര്‍ത്തിയിട്ട് കാര്യമില്ല. അധ്യാപന രീതിയിലും പരീക്ഷണങ്ങള്‍ നടത്താറുണ്ട്.
ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഞാന്‍ കുട്ടികളെ പഠിപ്പിക്കുന്നത്. പ്രൊജക്റ്റുകളും മറ്റും അവരെക്കൊണ്ട് ചെയ്യിക്കുന്നതും അങ്ങനെ തന്നെ. മൊബൈല്‍ ഫോണില്‍ ഇത്തരത്തില്‍ നിരവധി ആപ്ലിക്കേഷനുകളുണ്ട്. അതൊക്കെ അവരെ പരിചയപ്പെടുത്തും. ഇത്തരത്തില്‍ പഠനം രസകരവും ഉപകാരപ്രദവുമാക്കാന്‍ ശ്രമിക്കും. അത് കുട്ടികള്‍ വളരെ ആവേശത്തോടെയാണ് പിന്തുടരുന്നത്.
പഠനം ടെക്സ്റ്റ്ബുക്കുകളില്‍ മാത്രം ഒതുങ്ങരുത്. അധ്യാപകനെ ഇഷ്ടപ്പെട്ടാല്‍ മാത്രമേ കുട്ടികള്‍ വിഷയത്തെയും ഇഷ്ടപ്പെടൂ, അത് പഠിക്കാന്‍ താല്പര്യമുണ്ടാകൂ’. ഭഗവാന് പറയുന്നു.