ന്യൂഡല്‍ഹി: പ്രളയക്കെടുതി സമയത്ത് ചാനല്‍ ചര്‍ച്ചയ്ക്കിടെ മലയാളികളെ അധിക്ഷേപിച്ച റിപ്പബ്ലിക്ക് ടി.വി ചാനലും എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയും വീണ്ടും മറ്റൊരു കുരുക്കില്‍. പരിപാടിക്കിടെ ചാനലില്‍ അധിക്ഷേപകരമായി പരാമര്‍ശം നടത്തിയതിന് റിപ്പബ്ലിക്ക് ടിവിയും അര്‍ണാബ് ഗോസ്വാമിയും മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിഗ് അതോറിറ്റി (എന്‍ബിഎസ്എ) അറിയിച്ചു. ക്ഷമാപണം എഴുതി ചാനലില്‍ ഫുള്‍സ്ക്രീനില്‍ സംപ്രേക്ഷണം ചെയ്യണമെന്നും എന്‍ബിഎസ്എ അറിയിച്ചു.
ഈ വര്‍ഷം ആദ്യം ജിഗ്നേഷ് മേവാനി എംഎല്‍എ ഡല്‍ഹിയില്‍ സംഘടിപ്പിച്ച റാലി പരാജയമാണെന്ന് ചാനലിന്റെ റിപ്പോര്‍ട്ടര്‍ ശിവാനി ഗുപ്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ സമയത്ത് ചാനലിനെയും റിപ്പോര്‍ട്ടറെയും ഒരാള്‍ അപമാനിച്ചെന്ന് കാണിച്ച് ചാനല്‍ ടെലികാസ്റ്റ് ചെയ്യുകയും അയാളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകള്‍ അര്‍ണബ് പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ നല്കിയ പരാതിയിലാണ് എന്‍ബിഎസ്എയുടെ ഉത്തരവ്.
എ സിംഗ്, പ്രതീക്ഷതാ സിംഗ് എന്നിവരാണ് ഇതിനെതിരെ പരാതി നല്‍കിയത്. ചാനലില്‍ നിരന്തരം ജിഗ്നേഷ് മേവാനിയുടെ റാലി ‘ഫ്ളോപ്പ് ഷോ’ ആണെന്നും ചാനലിനെ അധിക്ഷേപിച്ചെന്നാരോപിച്ച് ഒരാളുടെ മുഖ് നിരന്തരം വട്ടം വരച്ച് കാണിക്കുകയും ചെയ്തിരുന്നു. ഇയാള്‍ ഗുണ്ടയാണെന്നുവരെ അര്‍ണബ് അന്നു പറഞ്ഞിരുന്നു.