ലക്നൗ: റിട്ടയേര്‍ഡ് പോലീസുകാരനെ പൊതുമധ്യത്തില്‍ അക്രമികള്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലാണ് 70 കാരനായ അബ്ദുള്‍ സമദ് ഖാനെയാണ് മൂന്നുപേര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.
മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ ബോധരഹിതനായിരുന്നു. ശരീരത്തിലെ മുറിവില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. ഒരു കൈ അറ്റുതൂങ്ങിയ അവസ്ഥയിലായിരുന്നു. റോഡില്‍ അബോധാവസ്ഥയില്‍ കിടന്ന ഇയാളെ അതുവഴി പോയ ആരും തിരിഞ്ഞുനോക്കിയിരുന്നില്ല.
തിങ്കളാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. റിട്ടയേര്‍ഡ് സബ് ഇന്‍സ്പെക്ടറായ ഖാന് സൈക്കിളില്‍ യാത്ര ചെയ്യവേ ചുവന്ന ഷര്‍ട്ടു ധരിച്ചെത്തിയ ഒരാള്‍ മര്‍ദ്ദിക്കുകയായിരുന്നു. നിലത്തുവീണ ഖാന് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ മര്‍ദ്ദനം തുടരുകയായിരുന്നു.
സമീപത്തെ ടെറസില്‍ നിന്നും മറ്റൊരാള്‍ സംഭവങ്ങള്‍ നോക്കിനില്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സൈക്കിളിലും ഇരുചക്രവാഹനങ്ങളിലുമായി പലരും അതുവഴി കടന്നുപോകുന്നുണ്ടെങ്കിലും
വാഹനത്തിന്റെ വേഗതകുറച്ച് സംഭവമൊന്ന് നോക്കിയശേഷം അവിടം വിടുകയാണ് ചെയ്തത്.
ഇതിനു പിന്നാലെ രണ്ടുപേര്‍ കൂടി ഇയാളെ മര്‍ദ്ദിക്കാന്‍ കൂടുന്നു. ഇതോടെ ഖാന് പ്രതിരോധിക്കുന്നത് അവസാനിപ്പിച്ച് നിസഹായനായി മര്‍ദ്ദനം ഏറ്റുവാങ്ങുകയാണ്. രണ്ടുപേര്‍ കൂടി സംഭവം നോക്കി നില്‍ക്കുന്നത് കാണാം.
അക്രമികളില്‍ ഒരാള്‍ നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്. ഖാനിനെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരണപ്പെട്ടിരുന്നു. ജുനൈദ് എന്നയാളാണ് കൊലയ്ക്കു പിന്നിലെന്നാണ് സംശയിക്കുന്നത്. ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കുറഞ്ഞത് പത്തു ക്രിമിനല്‍ കേസെങ്കിലുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.