സമയദൈര്‍ഘ്യം വെറും പത്ത് മിനിറ്റ്, ഉള്ളത് വെറും നാല് ഡയലോഗുകള്‍ എന്നിട്ടും അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ നിന്നും നേടിയത് അഞ്ച് പുരസ്കാരങ്ങളും നിരവധി പ്രമുഖ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളിലേക്കുള്ള സെലക്ഷനും. എംഅര് വിബിന് ഒരുക്കിയ ‘ഫൈന്‍ ഡേ’എന്ന ഹ്രസ്വചിത്രമാണ് ചലച്ചിത്രലോകത്ത് വ്യത്യസ്തമാകുന്നത്. ദൃശ്യങ്ങള്‍ നല്കിയ ഭംഗി ഈ ചിത്രത്തെ മികവുറ്റതാക്കുന്നു.
ചാപ്റ്റേഴ്സ്, അരികില്‍ ഒരാള്‍, 100 ഡേയ്സ് ഓഫ് ലൗ, വൈ എന്നീ ചിത്രങ്ങളില്‍ സംഭാഷണ രചന നിര്‍വഹിച്ചിട്ടുള്ള വിബിന്റെ ആദ്യ ചലച്ചിത്ര സംരംഭമാണ് വണ്‍ ഫൈന്‍ ഡേ. രണ്ട് കുട്ടികള്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിന് കേരളത്തിലെ പ്രമുഖ ഹ്രസ്വ ചലച്ചിത്രമേളകളില്‍ നിന്നായി ഇതിനോടകം തന്നെ നിരവധി പുരസ്കാരങ്ങളാണ് നേടിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്യും. തിരുവനന്തപുരത്ത് നിന്നുള്ള സിദ്ധാര്‍ത്ഥ, കണ്ണൂരില്‍ നിന്നുള്ള നീലാഞ്ജന എന്നിവരാണ് ബാലതാരങ്ങളായി എത്തിയിരിക്കുന്നത്.
അരവിന്ദ് പുതുശ്ശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മെജോ ജോസഫ് സംഗീതം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് വിനീതാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. ബാംഗ്ലൂര്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീജിത് നായര്‍, മൃണാള്‍ മുകുന്ദന്, ജി.കെ ജയകൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എല്ലാം കൊണ്ടും മികവുറ്റ ഈ ഹ്രസ്വചിത്രം സിനിമാരംഗത്ത് വലിയൊരു സംഭാവനയാണ്.