തൃശ്ശൂര്‍: സമൂഹത്തോടുള്ള പ്രതിഷേധസൂചകമായി സ്വന്തം മോട്ടോര്‍സൈക്കിളിന്റെ സൈലന്‍സര്‍ ഊരിവച്ച് യാത്രചെയ്യുന്ന ഈനാശുവെന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള കഥാകാരന് വൈശാഖിന്റെ ചെറുകഥ ‘സൈലന്‍സര്‍’ വെള്ളിത്തിരയിലേക്ക്. ദേശീയ അവാര്‍ഡു ജോതാവായ പ്രിയനന്ദനാണ് വൈശാഖിന്റെ കൃതിയെ സിനിമയാക്കി മാറ്റുന്നത്.
ഡിസി ബുക്ക്സ് പുസ്തകമാക്കിയ കഥയ്ക്ക് കമല സുരയ്യ അവാര്‍ഡ് ലഭിച്ചിരുന്നു. 2009ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പാണ് ആദ്യമായി കൃതി പ്രസിദ്ധീകരിച്ചത്. വാര്ധക്യത്തിന്റെയും പുതിയ ജീവിത സാഹചര്യങ്ങളുടെയും ഫലമായി ഒറ്റപ്പെട്ടു പോകുന്ന വ്യക്തികളുടെ അതിജീവനസന്ദേശവുമാണ് കൃതി. പുതിയ ലോകം ചമയ്ക്കുന്ന ഈനാശുവിന്റെയും ചുറ്റുമുള്ളവരുടെയും ഈ ഇതിഹാസം തൃശൂരിന്റെ പ്രാദേശിക മൊഴിയിലാണ് എഴുതപ്പെട്ടത്.
ലാല്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയില്‍ ഇര്‍ഷാദ്, മീര വാസുദേവ്, രാമു, ബിനോയ് നമ്പാല, ജയരാജ് വാര്യര്‍, സ്നേഹ ദിവാകരന് തുടങ്ങിയവര്‍ അണിനിരക്കും.