ഫെമിനിസ്റ്റ്’ എന്ന് വാക്കിന്റെ അര്‍ത്ഥം മനസിലാക്കാത്തവരാണ് ആ വാക്കിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതെന്ന് നടിയും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടി. ഏതൊരു സ്ത്രീയും ഫെമിനിസ്റ്റാണെന്നും സ്ത്രീകള്‍ തങ്ങളുടേതായ അഭിപ്രായം തുറന്ന് പറയുമ്പോഴാണ് അവര്‍ ‘ഫെമിനിച്ചി’കളായി മുദ്രകുത്തപ്പെടുന്നതെന്നും രചന പറയുന്നു. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നല്കിയ അഭിമുഖത്തിലാണ് രചന ഇക്കാര്യം തുറന്നുപറഞ്ഞത്.
‘പെണ്‍കുട്ടികളെ ബോള്‍ഡ് ആക്കി മാറ്റണം. എന്റെ വീട്ടില്‍ ചേട്ടന് പുറത്തുപോയി വൈകി വന്നാല്‍ അത് പ്രശ്നമായി കാണാത്തവര്‍ ഞാന്‍ ഇത്തിരി ഒന്ന് വൈകിയാല്‍ ആധിയായി ടെന്‍ഷനായി വഴക്കായി. അതായിരുന്നു എന്റെ ചെറുപ്പത്തിലേ അവസ്ഥ. അവരെ കുറ്റം പറയാന്‍ പറ്റില്ല അവര്‍ നമ്മുടെ കാര്യത്തില്‍ കാണിക്കുന്ന ശ്രദ്ധയാണ് അതെല്ലാം. ഇപ്പോള്‍ എനിക്ക് മുപ്പത്തിയേഴ് വയസായി. ഇത്തിരി ഒന്ന് വൈകിയാല്‍ അമ്മയെല്ലാം ഇപ്പോഴും ടെന്‍ഷനാവും.
‘ നടി പറഞ്ഞു.
താനും ഒരു ഫെമിനിസ്റ്റ് തന്നെയാണെന്നും രചന വ്യക്തമാക്കി. സമത്വം വേണ്ടത് തന്നെയാണ്, ഓരോ കുടുംബത്തിലും മാതാപിതാക്കള്‍ ആണ്‍കുട്ടികള്‍ക്ക് കൊടുക്കുന്ന അതേ പ്രാധാന്യം പെണ്‍കുട്ടികള്‍ക്കും കൊടുത്താല്‍ തീരുന്ന പ്രശ്നം മാത്രമാണ് ഈ അസമത്വമെന്നും രചന അഭിപ്രായപ്പെട്ടു.
‘എന്റെ ചേട്ടന്റെ മകള്‍ ഇപ്പോള്‍ വളര്‍ന്നു വരുന്നുണ്ട് . അവളോട് ഒന്നും അരുതെന്ന് പറഞ്ഞല്ല വളര്‍ത്തുന്നത്. ഓരോ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി ബോള്‍ഡ് ആക്കിയാണ് വളര്‍ത്തുന്നത്. എന്റെ ചെറിയ പ്രായത്തില്‍ ഞാന്‍ അനുഭവിച്ചതൊന്നും അവളെക്കൊണ്ട് അനുഭവിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. സ്ത്രീകള്‍ എല്ലാ മേഖലയിലും ഇപ്പോള്‍ മുന്‍നിരയിലേക്ക് വരുന്നുണ്ട് .അതൊരു പ്രതീക്ഷയാണ്.’
എന്നും രചന പറഞ്ഞു.