തിരുവനന്തപുരം: പ്രളയദുരിതത്തില്‍ പെട്ട കേരളത്തിന് കൈത്താങ്ങുമായി 80കളിലെ ചലച്ചിത്ര താരങ്ങള്‍ എത്തി. സുഹാസിനി, ഖുശ്ബു, ലിസി എന്നിവര്‍ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന് 40 ലക്ഷം രൂപ കൈമാറി. താരങ്ങള്‍ മാത്രമല്ല ചെന്നൈയിലെ പരിചയക്കാരും ഇതിലേക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്ന് അവര്‍ പറയുന്നു. വ്യക്തിപരമായ സഹായങ്ങള്‍ നേരത്തെ നല്‍കിയിരുന്നു. അതിന് പുറമേയാണ് ഇപ്പോഴത്തെ സഹായം.
കേരളത്തെ രക്ഷിക്കുകയെന്ന ദൗത്യത്തെ തെന്നിന്ത്യന്‍ സിനിമാലോകവും ബോളിവുഡും ഏറ്റെടുത്തിരുന്നു. തങ്ങളാലാവുന്ന സഹായമെത്തിച്ചും നേരിട്ട് രക്ഷാപ്രവര്ത്തനത്തിലേര്പ്പെട്ടുമൊക്കെയാണ് പലരും ഈ ദൗത്യത്തിനായി എത്തിയത്.
താരങ്ങള്‍ക്കും സംവിധായകര്‍ക്കും പുറമെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും കേരളത്തിന് സഹായം നല്‍കുന്നതിന് കൈകോര്‍ത്തു. മണിരത്നം, ജാക്കി ഷെറോഫ്, സുന്ദര്‍, മരിയസേന, രാജ്കുമാര് സേതുപതി, പൂര്‍ണിമ ഭാഗ്യരാജ്, സരിത, ജയസുധ, അവ്നി സിനിമാക്സ്, കാസിനോ മജോങ് ഫൗണ്ടേഷന്, മാള്‍ട്ട ഹോണററി കൗണ്‍സല്‍ ശാന്തകുമാര്‍, മൗറീഷ്യസ് ഹോണററി കൗണ്‍സല്‍ രവിരാമന്‍ എന്നിവരെല്ലാം ഇതില്‍ സഹകരിച്ചു.
80 കളിലെ താരങ്ങള്‍ എല്ലാ വര്‍ഷവും ഒത്തുചേരാറുണ്ടെന്നും ഇത്തവണ തങ്ങളുടെ മനസ് പ്രളയം ദുരന്തം വിതച്ച കേരളത്തിനൊപ്പമാണെന്നും അവര്‍ അറിയിച്ചു. 80 കളില്‍ സിനിമാ മേഖലയില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് പുറമെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയുമെല്ലാം വിഹിതം കേരളത്തിനായി സ്വരൂപിക്കുകയായിരുന്നുവെന്നും അവര്‍ അറിയിച്ചു.