കൊച്ചി: താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ നടന് ഷമ്മി തിലകന് രംഗത്ത്. ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ വിജയ് ബാബുവിനെതിരെ സംഘടന സ്വീകരിച്ച നടപടി സംബന്ധിച്ച വാര്‍ത്താക്കുറിപ്പില്‍ മറ്റൊരു വിഷയത്തില്‍ അച്ചടക്കസമിതി പരിഗണിച്ചു കൊണ്ടിരിക്കുന്ന തന്റെ വിഷയം കൂടി ഉള്‍പ്പെടുത്തി എന്നതാണ് വിമര്‍ശനത്തിന് കാരണം.
ഈ പത്രക്കുറിപ്പിലെ തന്നേക്കുറിച്ചുള്ള പ്രസ്താവന പിന്‍വലിച്ച് ജനറല്‍ സെക്രട്ടറി ഖേദം പ്രകടിപ്പിക്കണമെന്ന് ഷമ്മി തിലകന് ആവശ്യപ്പെട്ടു. ഷമ്മി തിലകനെതിരെയുള്ള അന്വേഷണത്തിനായി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് മെയ് 17 തീയതി ഹാജരാകുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വാര്‍ത്താക്കുറിപ്പിലുള്ളത്.
എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണെന്നും ഈ നിമിഷം വരെ അങ്ങനെയൊരു ആവശ്യം ഉള്‍ക്കൊള്ളുന്ന അറിയിപ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്നുമാണ് ഷമ്മി തിലകന് പറയുന്നത്. കഴിഞ്ഞദിവസം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഷമ്മി തിലകന് താരസംഘടനയുടെ ജനറല്‍ സെക്രട്ടറിക്കെതിരെ തുറന്നടിച്ചത്. അമ്മ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.