നടിയും മോഡലുമായ അഞ്ജലി അമീറിന് യുഎഇ ഗോള്‍ഡന്‍ വിസ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ സി എച്ചാണ് അഞ്ജലി അമീറിന്റെ ഗോള്‍ഡന്‍ വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത് . വിസ ലഭിച്ച വിവരം അഞ്ജലി അമീര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
ദുബായ് ഇ സി എച്ച് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സി ഇ ഒ ഇഖ്ബാല്‍ മാര്‍ക്കോണി, ആദില്‍ സാദിഖ്, ഫാരിസ് എഫ്പിസി, മുഹമ്മദ് റസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സിനിമയില്‍ നായികയായി അഭിനയിച്ച ഇന്ത്യയിലെ ആദ്യ ട്രാന്സ്ജെണ്ടര് വനിതയാണ് അഞ്ജലി.
മമ്മൂട്ടി നായകനായി എത്തിയ പേരന്പ് എന്ന ദ്വിഭാഷാ ചിത്രത്തിലൂടെയാണ് അഞ്ജലി നായികയായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് 2018ല്‍ പ്രദര്‍ശനത്തിനെത്തിയ സുവര്‍ണപുരുഷന്‍ എന്ന ചിത്രത്തിലും സൂചിയും നൂലും എന്ന തെലുഗു ചിത്രത്തിലും അഭിനയിച്ചു. ശരത് അപ്പാനി നായകനാകുന്ന പുതിയ ചിത്രം ‘ബെര്‍നാഡ്’ ആണ് അഞ്ജലി അമീറിന്റെ വരാനിരിക്കുന്ന ചിത്രം.