കൊച്ചി: നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയില്‍ തിരികെയെത്തുന്നു. നടന് മമ്മൂട്ടിയാണ് ഭാവനയുടെ തിരിച്ചുവരവ് അറിയിച്ചത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ മടങ്ങി വരവ്.
ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മമ്മൂട്ടിയുടെ പ്രഖ്യാപനം. ആദില്‍ മയ്മാനാഥ് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെനീഷ് അബ്ദുള്‍ ഖാദര്‍ ചിത്രം നിര്‍മ്മിക്കും. ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. സഹോദരി-സഹോദര ബന്ധമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പോസ്റ്റര്‍ നല്കുന്ന സൂചന.
ഭാവന മലയാള സിനിമയില്‍ തിരിച്ചെത്തുമെന്ന് സംവിധായകന് ആഷിഖ് അബു നേരത്തെ പറഞ്ഞിരുന്നു. ഭാവന ഒരു കഥ കേട്ട് ഇഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം. ലൈംഗീക അതിക്രമം നേരിട്ട ശേഷം നടി കുറച്ചുവര്‍ഷങ്ങളായി മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.
also read: കേരളത്തില്‍ മാസ്ക് ഒഴിവാക്കിയേക്കും; സര്‍ക്കാര്‍ തലത്തില്‍ ആലോചന
കന്നഡ, തമിഴ് ഭാഷകളില്‍ സജീവമായി തുടര്‍ന്നു. ഈയിടെയാണ് നടി താന്‍ നേരിട്ട അതിക്രമങ്ങളേക്കുറിച്ച് പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയത്. തന്റെ അഭിമാനം ചിതറിത്തെറിച്ചെന്നും അത് വീണ്ടെടുക്കുമെന്നും നടി മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്തിന് നല്കിയ തത്സമയ അഭിമുഖത്തിനിടെ പ്രതികരിച്ചു. താന്‍ ഇരയല്ല അതിജീവിതയാണെന്നും ഭാവന പറയുകയുണ്ടായി.