കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്കി നടന് ഇന്നസെന്റ്. പൊലീസ് ഉദ്യോഗസ്ഥരുടെയും കോടതിയുടെയും തീരുമാനങ്ങള്‍ക്കപ്പുറം തനിക്ക് ഒന്നും പറയാനില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. അറിയാത്ത കാര്യങ്ങളില്‍ താന്‍ എന്തിന് അഭിപ്രായം പറയണം എന്നും അദ്ദേഹം ചോദിച്ചു.
സിനിമ മേഖല പോലെ തന്നെ മറ്റു മേഖലകളിലും പ്രശ്നങ്ങള്‍ ഇല്ലേ എന്ന് ഇന്നസെന്റ് ചോദിച്ചു. തന്റെ സഹപ്രവര്ത്തകന് എന്ന കാരണത്താല്‍ അറിയാത്ത കാര്യങ്ങളില്‍ താന്‍ എന്തിന് അഭിപ്രായം പറയണം എന്നും അയാള്‍ തെറ്റ് ചെയ്തോ ഇല്ലയോ എന്നതിന് അപ്പുറത്തേക്ക് അതിന് പൊലീസ് ഉണ്ട്, വക്കീലന്മാര്, ഉദ്യോഗസ്ഥന്മാര്, ജഡ്ജ്, അത് അവരല്ലേ തീരുമാനിക്കേണ്ടത് എന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.
ഇന്നസെന്റിന്റെ വാക്കുകള്‍:
അയാള്‍ തെറ്റ് ചെയ്തോ ഇല്ലയോ എന്നതിന് അപ്പുറത്തേക്ക് അതിന് പൊലീസ് ഉണ്ട്, വക്കീലന്മാര്, ഉദ്യോഗസ്ഥന്മാര്, ജഡ്ജ്, അത് അവരല്ലേ തീരുമാനിക്കേണ്ടത്. ഞാന്‍ അത് ശരിയാണോ ശരിയല്ലയോ എന്നൊക്കെ പറയാന്‍ പറ്റുമോ. അതൊക്കെ ചോദിക്കാം ചിലരോട്. ചില പാവങ്ങള്‍ തലവെച്ച് തരും. നിങ്ങള്‍ എല്ലാവരും കൂടെ അവരെ അങ്ങ് അവസാനിപ്പിക്കും.
അതുപോലെ എന്നെയും അവസാനിപ്പിക്കണോ? അതിന് കോടതിയുണ്ട്. അവര്‍ തീരുമാനിക്കട്ടെ. അതിനപ്പുറം ഈ എട്ടാം ക്ലാസ്സുകാരന് എന്ത് പറയാനാണ്? സിനിമാ മേഖല അല്ലാതെ മറ്റു ഇടങ്ങളിലും തെറ്റും ശരിയുമൊക്കെ ഇല്ലേ? നമ്മുടെ സഹപ്രവര്‍ത്തകനാണ് അല്ലെങ്കില്‍ നാട്ടുകാരനാണ് എന്നും പറഞ്ഞ് എനിക്ക് അറിയാന്‍ പാടില്ലാത്ത വിഷയം ഞാന്‍ എന്തിനാ ചങ്ങാതി പറയണേ?
അതേസമയം നടന് ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ദിലീപിന് ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ആറു പ്രതികള്‍ ഉള്‍പ്പെട്ട കേസില്‍ ദിലീപ് അടക്കം അഞ്ച് പേരാണ് ജാമ്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.