മലയാളികളുടെ എക്കാലത്തെയും പ്രിയനടന്മാരില് ഒരാളാണ് ജഗതി ശ്രീകുമാര്‍. വാഹനാപകടത്തില്‍ പരിക്കേറ്റതിന് പിന്നാലെ അദ്ദേഹം സിനിമയിലേക്ക് തിരികെ വന്നിട്ടില്ല. മലയാള സിനിമയിലേക്ക് അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
അതിനിടെ ജഗതി ശ്രീകുമാര്‍ സിബിഐ അഞ്ചാം ഭാഗത്തില്‍ അഭിനയിക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സിനിമാപ്രേമികള്‍ വലിയ ആവേശത്തോടെയാണ് ഇത് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം സിബിഐ അഞ്ചില്‍ അദ്ദേഹം ജോയിന്‍ ചെയ്തു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുകയും ചെയ്തു.
ജഗതി ശ്രീകുമാര്‍ സെറ്റില്‍ ഇരുന്നു മേക്കപ്പ് ഇടുന്ന വീഡിയോയും പ്രചരിച്ചിരുന്നു.എന്നാല്‍ ആ വീഡിയോ സിബിഐ അഞ്ചാം ഭാഗത്തിലേതല്ല. നടന് സിബിഐ സിനിമയില്‍ ജോയിന്‍ ചെയ്തിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരം. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ കഴിഞ്ഞ വര്‍ഷം ജഗതി അഭിനയിച്ച പരസ്യ ചിത്രത്തിന്റെ മേക്കിങ് വിഡിയോയില്‍ നിന്നുമുള്ളതാണ്.
അജു വര്‍ഗീസ്, ശ്വേതാ മേനോന് ഉള്‍പ്പടെ സിനിമാ മേഖലയില്‍ നിന്നും നിരവധിപ്പേര്‍ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. അതേസമയം ‘സിബിഐ-5’ലെ അദ്ദേഹത്തിന്റെ രംഗങ്ങള്‍ ജഗതിയുടെ വീട്ടില്‍ തന്നെ ചിത്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
വാഹനാപകടത്തില്‍ പരുക്കേറ്റതിന് ശേഷം ജഗതി വര്‍ഷങ്ങളായി അഭിനയരംഗത്തില്ല. എന്നാല്‍ ‘സിബിഐ’ സീരിസിലെ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ വേണമെന്നും ഏതെങ്കിലും രംഗങ്ങളില്‍ ജഗതിയുടെ സാന്നിധ്യം ഉണ്ടാകണമെന്നുമായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചാണ് സംവിധായകന് കെ മധുവും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും രംഗങ്ങള്‍ ചിത്രീകരിക്കുന്നത്.
ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ പ്രധാന അംഗമായി എത്തുന്ന ജഗതി ഒരേ സമയം നര്‍മ്മവും സീരിയസ് സംഭാഷങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്. ‘സേതുരാമയ്യര്‍ സിബിഐ’യായി മമ്മൂട്ടി വീണ്ടും എത്തുമ്പോള്‍ ടീമിലെ ജഗതിയുടെ കഥാപാത്രമായ വിക്രമിന്റെ വിടവ് ഉണ്ടാകും.