മുംബൈ: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറ്റവും വൈറലായത് തീയേറ്ററിനകത്ത് ആരാധകര്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന ഒരു വീഡിയോ ആയിരുന്നു. സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം സല്മാന് ഖാന്.
സല്മാന് ഖാന്റെ പുതിയ ചിത്രമായ ‘ആന്റിം ദ ഫൈനല്‍ ട്രൂത്ത്’ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചായിരുന്നു പടക്കം പൊട്ടിച്ചുള്ള ആഘോഷം. സിനിമ എല്ലാവിധത്തിലും ആസ്വദിക്കുക എന്നാല്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം എന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സംഭവത്തിന്റെ വീഡിയോയും താരം പങ്കുവെച്ചു. ‘തീയറ്ററിന് ഉള്ളിലേക്ക് പടക്കങ്ങള്‍ കൊണ്ടുപോകരുതെന്ന് എല്ലാ ആരാധകരോടും അഭ്യര്‍ത്ഥിക്കുന്നു. കാരണം, ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ജീവന് അപകടത്തിലാക്കും. തിയറ്ററിന് ഉള്ളില്‍ പടക്കങ്ങള്‍ കയറ്റാന്‍ ഉടമസ്ഥര്‍ അനുവദിക്കരുത്. പ്രവേശനകവാടത്തില്‍ തന്നെ തന്നെ പടക്കം അകത്തേക്ക് കൊണ്ടുപോകുന്നത് സുരക്ഷാജീവനക്കാര്‍ തടയണം.’ എന്നും സല്മാന് പറഞ്ഞു.