കൊച്ചി: കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടി കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സാ ധനസഹായം നല്‍കുന്നതിനെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. നടി ആവശ്യപ്പെട്ടിട്ടാണ് ചികിത്സാസഹായം നല്‍കുന്നതെന്നും കലാകാരന്മാര് കേരളത്തിന് മുതല്കൂട്ടാണെന്നും കഴിഞ്ഞ ദിവസം മന്ത്രി വി. അബ്ദുറഹ്മാന് വ്യക്തമാക്കി.
ഇപ്പോഴിതാ കെപിഎസി ലളിതയ്ക്ക് ചികിത്സാസഹായം നല്‍കുമെന്ന സര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ.ബി. ഗണേശ് കുമാര്‍ എംഎല്‍എ. കെപിഎസി ലളിതയ്ക്കു ചികിത്സ നല്ക്കുന്നത് രാഷ്ട്രീയവല്‍ക്കരിക്കുന്നതും അധിക്ഷേപിക്കുന്നതും ശരിയായ പ്രവണതയല്ലെന്നും പ്രതിഷേധങ്ങള്‍ സംസ്കാര ശൂന്യമാണെന്നും ഗണേശ് കുമാര്‍ പറഞ്ഞു.
‘ഒരു കലാകാരിയാണവര്‍, അവര്‍ക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ട്. നിലവില്‍ സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്റെ പദവി വഹിക്കുന്ന കെ.പി.എ.സി ലളിത സര്‍ക്കാര്‍ ചികിത്സാ സഹായം ലഭിക്കാന്‍ യോഗ്യയാണ്. ജഗതിക്കും തിലകനും ഉള്‍പ്പെടെ നിരവധി കലാകാരന്മാര്ക്ക് മുമ്പ് ധനസഹായം നല്‍കിയിട്ടുണ്ട്.’-ഗണേശ് കുമാര്‍ പറഞ്ഞു.
നമ്മള് ആദരിക്കുന്നവരും സ്നേഹിക്കുന്നവരുമാണ് കലാകാരന്മാര്. അവര്‍ക്ക് ഒരാപത്ത് വരുമ്പോള്‍ വീട്ടില്‍ കാശുണ്ടോ എന്ന് അന്വേഷിക്കുന്നത് മര്യാദകേടാണ്. ചികിത്സാ സഹായം നല്‍കുന്നതിനെ എതിര്‍ക്കുന്നത് ഇടുങ്ങിയ ചിന്താഗതിക്കാരന്റെ വക്ര ബുദ്ധിയാണെന്നും അദ്ദേഹം പറഞ്ഞു.