കുറിച്ചി: പ്രമുഖ ചലച്ചിത്ര-സീരിയല്‍ താരം സചിവോത്തമപുരം തകിടിയേല്‍ രാജമ്മയുടെ മകള്‍ ശ്രീലക്ഷ്മി (രജനി, 38) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് നടക്കും. നിരവധി സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.
ചെല്ലപ്പന് ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തില്‍ നൃത്തം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ച ശ്രീലക്ഷ്മി സ്റ്റേജിലും ക്യാമറയ്ക്ക് മുന്നിലും നിരവധി കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചു. തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്തകലാലയത്തില്‍ വിവിധ ബാലേകളില്‍ ശ്രദ്ധേയമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അര്‍ധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020ലെ സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. സചിവോത്തമപുരം യുവരശ്മി ലൈബ്രറി മികച്ച കലാകാരിക്കുള്ള പുരസ്കാരം നല്കി ആദരിച്ചിരുന്നു. ഭര്‍ത്താവ്: വിനോദ്, തലശ്ശേരി മാഹി സ്വദേശിയാണ്. മക്കള്‍: വൈഷ്ണവ്, അഭിനവ് (ഇരുവരും വിദ്യാര്‍ഥികള്‍ (എവിഎച്ച്എസ്എസ് കുറിച്ചി).