കോട്ടയം: പോലീസുകാര്‍ സല്യൂട്ട് നല്കുന്നതില് രാഷ്ട്രീയ വിവേചനം പാടില്ലെന്ന് സുരേഷ് ഗോപി എംപി. ഒല്ലൂര്‍ എസ്ഐയെ കൊണ്ട് സല്യൂട്ട് അടിപ്പിച്ച സംഭവം വലിയ വിവാദമായി മാറിയതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം. പൊലീസ് അസോസിയേഷന്റെ നിലപാട് രാഷ്ട്രീയ വിവേചനമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
എംപിമാര്‍ക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപി ഉത്തരവ് ഇറക്കിയിട്ടുണ്ടോ?. ഈ വിഷയം വിവാദമാക്കിയത് ആരാണ്. ആ പൊലീസുകാരന് പരാതിയുണ്ടോ?. ഇത് വച്ച് അസോസിയേഷന് വച്ച് രാഷ്ട്രീയം കളിക്കരുത്. ഇന്ത്യയില്‍ ഒരു സംവിധാനം ഉണ്ട്. അത് കേരളത്തിനും ബാധകമാണ് സല്യൂട്ട് അടിക്കാന്‍ പാടില്ലെന്ന് ആരാണ് പറഞ്ഞത്. സല്യൂട്ട് അടിക്കുന്ന പരിപാടി തന്നെ അവസാനിപ്പിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
പാലാ ബിഷപ്പ് ഹൗസിലെത്തി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. പാലാ ബിഷപ്പ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരു മതത്തെ പറ്റിയും ബിഷപ്പ് പരാമര്‍ശം നടത്തിയിട്ടില്ല. വിവിധ സാമൂഹിക വിഷയങ്ങളാണ് ബിഷപ്പ് ഉന്നയിച്ചതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.