ദുബായ്: മലയാള സിനിമയില്‍ മമ്മൂട്ടി,മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നീ താരങ്ങള്‍ക്ക് പിന്നാലെ യുഎഇയിലെത്തി നടന് പൃഥ്വിരാജും ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബായിയിലെ ബിസിനസ്സ് സെറ്റപ്പ് സെന്ററായ എമിറേറ്റ്സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ‘ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും മുമ്പേ ഗോള്‍ഡന്‍ വിസ’ എന്ന കുറിപ്പോടെ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന ചിത്രം താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
‘പ്രേമം’ എന്ന ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘ഗോള്‍ഡ്’. നേരത്തെ, മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുന് രമേശിനും ഗോള്‍ഡന്‍ വീസ ലഭിച്ചിട്ടുണ്ട്.
ഗോള്‍ഡന്‍ വീസ ലഭിക്കുന്ന ആദ്യ മലയാള നടിയും നൈല ഉഷയാണ്. യുഎഇയില്‍ സ്ഥിരതാമസമാക്കിയ നൈല, യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്.എന്‍ കമ്പനിക്ക് കീഴിലെ എഫ്എമ്മില്‍ റേഡിയോ ജോക്കിയായി സേവനം അനുഷ്ഠിക്കുകയാണ്.