വവ്വാല് കടിച്ച പഴങ്ങള്‍ ഒഴിവാക്കി മറ്റ് പഴങ്ങളെല്ലാം ധൈര്യമായി കഴിക്കണമെന്ന് പറയുകയാണ് നടന് കൃഷ്ണകുമാര്‍. നിപ്പ വൈറസിനെ തുടര്‍ന്നുള്ള റമ്പൂട്ടാനെ കുറിച്ചുള്ള ജനങ്ങളുടെ ഭയത്തില്‍ പ്രതികരിക്കുകയായിരുന്നു കൃഷ്ണകുമാര്‍. പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും സൂക്ഷിച്ച് എല്ലാവരും കഴിക്കണമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
നിപ ബാധിച്ച് മരിച്ച കുട്ടി വീടിനടുത്തുള്ള മരത്തില്‍ നിന്ന് റമ്പൂട്ടാന്‍ കഴിച്ചിരിക്കാം എന്ന നാട്ടുകാരുടെ സംശയത്തെ തുടര്‍ന്ന് കേന്ദ്ര ഏജെന്സിയായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് പരിശോധന നടത്തിയിരുന്നു. ഇത് ജനങ്ങളില്‍ റമ്പൂട്ടാനെ കുറിച്ചുള്ള ഭീതിക്ക് കാരണമായി.
എന്നാല്‍ നിപ്പ വൈറസിനെ തുടര്‍ന്നുള്ള റമ്പൂട്ടാനെ കുറിച്ചുള്ള ഭയം കര്‍ഷകരെ ബാധിക്കരുതെന്ന് കൃഷ്ണ കുമാര്‍ പറഞ്ഞു. വവ്വാല് കടിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക എന്നത് മാത്രമാണ് ഇതിന് പരിഹാരമെന്ന് കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
കൃഷ്ണകുമാറിന്റെ റമ്പൂട്ടാന്‍ കൃഷി കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്താണ് വലിയ രീതിയില്‍ ശ്രദ്ധ നേടിയത്.
കൃഷ്ണകുമാറിന്റെ വാക്കുകള്‍:
‘ഒരു ഇന്നോവ കാറിടിച്ച് കുറച്ച് പേര് മരിച്ചു എന്ന് കരുതി നമ്മള് നാളെ തൊട്ട് ഇന്നോവ ഓടിക്കാനാവില്ലെന്ന് പറയാന്‍ കഴിയില്ലില്ലോ. ഞങ്ങളുടെ ഇവിടെ റമ്പൂട്ടാന്‍ സീസണ് കഴിഞ്ഞു. ഇന്ന് റമ്പൂട്ടാന്‍ കഴിഞ്ഞാല്‍ നാളെ പേരക്കയുടെ കാലം വരും പിന്നെ സപ്പോട്ടയുടെ കാലം വരും. കുറച്ച് നാളത്തേക്ക് നമ്മള് സൂക്ഷിക്കുക എന്നത് മാത്രമെ ചെയ്യാന്‍ കഴിയു.
ഒരു പഴം വവ്വാല് കടിച്ചതാണെന്ന് കണ്ടാല്‍ കളയുക. നമ്മള് എല്ലാവരും തന്നെ ധാരാളം പഴവര്‍ഗങ്ങള്‍ കഴിക്കുന്നവരാണ്. അത് കഴിക്കുക തന്നെ വേണം. ഏത് പഴവര്‍ഗ്ഗമാണെങ്കിലും വവ്വാലോ മറ്റ് ജീവികളോ കടിച്ചതാണെങ്കില്‍ നമ്മള് ഉപയോഗിക്കാതിരിക്കുക. പഴങ്ങള്‍ ആരോഗ്യത്തിന് നല്ലതാണ്.
ഒപ്പം കര്‍ഷകര്‍ എന്നൊരു വലിയ വിഭാഗമുണ്ട് വില്‍ക്കുന്നവരുണ്ട്. അവരെയൊന്നും ബാധിക്കരുത്. അതുകൊണ്ട് ധൈര്യമായിതന്നെ എല്ലാ പഴങ്ങളും കഴിക്കണം.’