ഒരു കാലത്ത് മലയാളികളുടെ പ്രിയനടിയായിരുന്നു കനക. ഗോഡ്ഫാദര്, വിയറ്റ്നാംകോളനി, നരസിംഹം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെല്ലാം കനക തിളങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിനുശേഷം കനകയെ സിനിമയില്‍ കണ്ടില്ല. ഇരുപതു വര്‍ഷങ്ങളായി സിനിമയില്‍ നിന്നും അകന്നു നില്‍ക്കുകയാണ് താരം.
ഇപ്പോഴിതാ വീണ്ടും സിനിമയിലേക്കു തിരിച്ചുവരണമെന്ന തന്റെ ആഗ്രഹം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കനക. ഒരു സെല്‍ഫി വിഡിയോയിലാണ് കനക ഇത് പറഞ്ഞത്. ‘ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് 30 വര്‍ഷത്തിലേറെയായി. എന്നെ സംബന്ധിക്കുന്നതെല്ലാം പഴയതായിക്കഴിഞ്ഞു. എനിക്കിപ്പോള്‍ 50 വയസ്സിനടുത്തായി. കാലം ഒരുപാടു മാറി ഞാന്‍ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു.’- കനക പറയുന്നു.
” മേക്കപ്പ്, ഹെയര്‍സ്റ്റൈല്‍, ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങള്‍, സംസാരിക്കുന്നത്, ചിരിക്കുന്നത് എല്ലാം തന്നെ ഒരുപാട് മാറി. ഞാന്‍ പണ്ട് ചെയ്തിരുന്നതുപോലെ ചെയ്താല്‍ പഴഞ്ചനായിപ്പോയി എന്ന് പുതിയ തലമുറ പറഞ്ഞേക്കാം. ഒരു പത്തുവര്‍ഷത്തിനുള്ളില്‍ സംഭവിച്ചത് മാത്രമേ പുതിയത് എന്ന് പറയാന്‍ കഴിയൂ. ഇതിനിടയില്‍ ഞാന്‍ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല, ചില വ്യക്തിപരമായ കാര്യങ്ങള്‍ ആയിരുന്നു അതിന് കാരണം.”- കനക തുറന്നുപറഞ്ഞു.
” ഈ പ്രായത്തിലും എല്ലാം പുതുതായി പഠിക്കാനും എന്നെ അപ്ഡേറ്റ് ചെയ്യാനും എനിക്ക് ആഗ്രഹമുണ്ട്. ചെറിയ പ്രായത്തില്‍ പഠിക്കുന്നത് പോലെ, പ്രായമായിക്കഴിഞ്ഞു പഠിക്കാന്‍ കഴിയില്ല. ചിലപ്പോള്‍ ഒരുപാട് നാള് എടുത്തേക്കും. മനസ്സില്‍ ആഗ്രഹം ഉണ്ടെങ്കില്‍ എന്തും പെട്ടെന്ന് പഠിക്കാന്‍ കഴിയും എന്നാണ് ഞാന്‍ കരുതുന്നത്. ഇല്ലെങ്കില്‍ ഒരുപാട് കഷ്ടപ്പെട്ട് പഠിക്കും. ഇനിയിപ്പോള്‍ ഒന്നും പഠിച്ചില്ലെങ്കിലും എന്തുകൊണ്ട് പഠിക്കുന്നില്ല എന്ന് എന്നോട് ആരും ചോദിക്കില്ലല്ലോ.
വയസ്സായ കാലത്താണോ ബോധമുദിച്ചത് എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. എന്നാലും എല്ലാവരോടും ഒപ്പം ഒരു സുഹൃത്തായി ഇരിക്കാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിക്കുന്നു. നിങ്ങളുടെ കൂടെ കൊഞ്ചി കളിക്കുന്ന, ഉപദേശിക്കുന്ന ഒരു സുഹൃത്തായി ഇരിക്കാന്‍ എനിക്ക് സന്തോഷമേ ഉള്ളൂ. ഞാന്‍ എന്ത് ചെയ്താലും അതിനെപ്പറ്റിയുള്ള വിമര്‍ശനവും എന്നെ അറിയിക്കാന്‍ മടിക്കേണ്ട. നിങ്ങളുടെ വിമര്‍ശനങ്ങളെ ഒരു പ്രചോദനമായി എടുത്തു വീണ്ടും മെച്ചപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കും. നമ്മെ ഏല്‍പ്പിക്കുന്ന ജോലി ഭംഗിയായി മനോഹരമായി ചെയ്യണം എന്നുള്ളത് ഓരോരുത്തരുടെയും ആഗ്രഹമാണല്ലോ- കനക പറയുന്നു.