പ്രമുഖ സിനിമ നിര്‍മ്മാതാവും പാചകവിദഗ്ധനുമായ നൗഷാദിന്റെ മരണം കേരളക്കരയെ കണ്ണീരിലാഴ്ത്തുകയാണ്. കുറച്ച് കാലമായി തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നൗഷാദ്. ഇതിനിടെയാണ് ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇപ്പോള്‍ നൗഷാദും കൂടെ പോയതോടെ തനിച്ചായിരിക്കുകയാണ് ഏകമകള്‍ നഷ്വ.
പ്രിയതമയുടെ വിയോഗം രോഗങ്ങളോട് പൊരുതികൊണ്ടിരിക്കുന്ന നൗഷാദിന് വലിയ ഷോക്കായിരുന്നു. ഷീബയുടെ മരണം അദ്ദേഹത്തെ വല്ലാതെ തളര്‍ത്തി. മൃതദേഹം നൗഷാദിനെ കാണിച്ചത് ഐസിയുവില്‍ എത്തിച്ചായിരുന്നു. ഭാര്യയുടെ വിയോഗത്തിന് പിന്നാലെ രണ്ടാഴ്ചകള്‍ക്കു ശേഷം അദ്ദേഹവും മരണത്തിന് കീഴടങ്ങി.
ഇതോടെ പതിമൂന്ന് വയസ്സുകാരിയായ മകള്‍ നഷ്വ തനിച്ചായി. മാതാവിന്റെ മരണം നല്കിയ മാനസികാഘാതത്തില്‍ നിന്നും മോചിതയാകും മുന്നെയാണ് പിതാവ് തിരികെ വരുമെന്ന പ്രതീക്ഷകളും അസ്തമിച്ചിരിക്കുന്നത്. നഷ്വയെ തനിച്ചാക്കി നൗഷാദും യാത്രയായി.
തിരുവല്ലയില്‍ കേറ്ററിങ് സര്‍വീസ് നടത്തിയിരുന്ന പിതാവാണ് നൗഷാദിന്റെ ആദ്യഗുരു. പിന്നീട് പാചകത്തില്‍ അതീവ തല്പരനായ നൗഷാദ് ഹോട്ടല്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കിയ ശേഷം കാറ്ററിങ് മേഖലയില്‍ ഒരുപാട് വ്യത്യസ്തതകള്‍ തുറന്നുവെച്ചു.
‘നൗഷാദ് ദ ബിഗ് ഷെഫ്’ എന്ന റസ്റ്റോറന്റ് ശൃംഘല തുടങ്ങിയതോടെയാണ് അദ്ദേഹം അതിപ്രശസ്തനായത്. ഒട്ടനവധി പാചക പരിപാടികളില്‍ അവതാരകനായെത്തുകയും ചെയ്തു. അതിനിടെ സിനിമ നിര്‍മ്മാതാവായും പേരെടുത്തു.