പാലക്കാട്: നടനും എം. എല്‍. എയുമായ മുകേഷിന്റയും നര്‍ത്തകിയായ മേതില്‍ ദേവികയുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയെ. വിവാഹമോചന നോട്ടീസ് നല്‍കിയത് സ്ഥിരീകരിച്ച് കഴിഞ്ഞ ദിവസം മേതില്‍ ദേവിക രംഗത്തെത്തിയിരുന്നു.
ഈ വേര്‍പിരിയല്‍ വേദനാജനകമാണെന്നും മുകേഷിനെ കുറ്റപ്പെടുത്താനില്ലെന്നും ദേവിക പറയുന്നു. നോട്ടീസില്‍ മുകേഷിനെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ചിട്ടുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. തനിക്ക് മുകേഷുമായി പ്രശ്നങ്ങളുണ്ടെങ്കിലും അതില്‍ ഗാര്‍ഹിക പീഡനം ഇല്ല. ഇതിന്റെ പേരില്‍ മുകേഷിനെ കുറ്റക്കാരനാക്കരുത്. തന്റെ ജീവിതത്തിന്റെ വലിയ ഭാഗമായിരുന്ന മുകേഷിനെ ചെളിവാരിയെറിയാനില്ലെന്നും മേതില്‍ ദേവിക വ്യക്തമാക്കി.
വ്യക്തിപരമായ കാരണങ്ങളാലാണ് വിവാഹം ബന്ധം വേര്‍പിരിയുന്നത്. അഭിഭാഷകന് നോട്ടീസ് കൊടുത്തിട്ടുണ്ട്. മുകേഷ് നിലപാട് വ്യക്തമാക്കിയിട്ടില്ല. തന്റെ കുടുംബ പ്രശ്നത്തിന് കേരളവുമായി ബന്ധമുണ്ടെങ്കില്‍ നേരത്തേ തുറന്ന് പറയുമായിരുന്നു. പിരിയാന്‍ തീരുമാനിച്ച സന്ദര്‍ഭം വളരെ പ്രയാസകരമായ ഘട്ടമാണെന്നും സമാധാനപരമായി അത് മറികടക്കാന്‍ എല്ലാവരും അനുവദിക്കണമെന്നും അവര്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അതേസമയം, വിവാഹമോചന വിഷയത്തില്‍ തനിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്നാണ് മുകേഷിന്റെ നിലപാട്. സംഭവത്തില്‍ മുന്‍ഭാര്യ സരിതയും പ്രതികരിച്ചിട്ടില്ല. 2013 ഒക്ടോബര്‍ 24നായിരുന്നു മുകേഷും മേതില്‍ ദേവികയും തമ്മിലുള്ള വിവാഹം.