ഒരു കുഞ്ഞുകുട്ടിയുടെ കുസൃതിയും കുറുമ്പും നിറഞ്ഞ നിമിഷങ്ങളുടെ ഒരു കൊച്ചുവീഡിയോയാണ് ഇന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. തികച്ചും അവിചാരിതമായി ഹരീഷ് എന്ന ഫൊട്ടോഗ്രാഫറുടെ ക്യാമറക്കണ്ണില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇന്ന് വൈറലായി മാറിയിരിക്കുകയാണ്.
കുഞ്ഞാപ്പു എന്ന ധ്രുവയാണ് ഈ ക്യൂട്ട് വീഡിയോയിലെ പെണ്‍കുട്ടി. തന്റെ വീട്ടില്‍ പൂച്ചകുഞ്ഞ് ഉണ്ടായപ്പോള്‍ കുഞ്ഞാപ്പുവിന് അതിനെ മടിയില്‍ ഇരുത്തി ഫൊട്ടോ എടുക്കുവാനൊരു മോഹം. അത് മാമനായ ഫൊട്ടോഗ്രാഫര്‍ ഹരീഷിനോട് പങ്കുവച്ചു.
പൂച്ചക്കുഞ്ഞിനെ മടിയിലിരുത്തി സ്റ്റൈലായി കുഞ്ഞാപ്പു ഫൊട്ടോയ്ക്ക് പോസ് ചെയ്തു വരികയായിരുന്നു. ഇതിനിടയിലായിരുന്നു ഒരു അപ്രതീക്ഷിത എന്‍ട്രി. തന്റെ കുഞ്ഞിനെ തേടി വന്ന ചക്കിപ്പൂച്ച കുഞ്ഞാപ്പുവിന്റെ മടിയില്‍ നിന്നും കുഞ്ഞിനെ നൈസായി എടുത്തു കൊണ്ടു പോയി.
അന്നേരമുള്ള കുഞ്ഞാപ്പുവിന്റെ നിരാശ കലര്‍ന്ന മുഖഭാവമാണ് ഏവരുടേയും ഹൃദയം കവര്‍ന്നത്. മേക്കിങ് വിഡിയോക്കിടെ പതിഞ്ഞ ഈ നിമിഷങ്ങള്‍ ഞൊടിയിട കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലായി. ഹരീഷ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ചിത്രങ്ങളും മേക്കിങ് വിഡിയോയും ഷെയര്‍ ചെയ്തത്.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചതും വീഡിയോ ഷെയര്‍ ചെയ്തതും. തൊടുപുഴ കാഞ്ഞാര്‍ സ്വദേശിയായ ധ്രുവ മിഥുന് രാജിന്റെയും ഹിമയുടേയും മകളാണ്.