കൊച്ചി: പുതിയ പിണറായി മന്ത്രിസഭയില്‍ ശൈലജ ടീച്ചര്‍ ഇല്ലാത്തത് മന്ത്രി സഭയുടെ കുറവായി കാണുന്നില്ലെന്ന് സംവിധായകന് അരുണ്‍ ഗോപി. പുതിയ സഭയില്‍ അതിലും മികച്ച മന്ത്രിമാര്‍ ഉണ്ടാകുമെന്നും അരുണ്‍ ഗോപി പറഞ്ഞു. ഫേസ്ബുക്കിലാണ് താരം അഭിപ്രായം വ്യക്തമാക്കിയത്.
പുതിയ ആളുകള്‍ക്ക് അവസരം നല്കുന്ന കാര്യത്തില്‍ കൈയ്യടി നല്‍കേണ്ടതാണ്. മാറ്റങ്ങള്‍ അനിവാര്യമായ കാര്യമാണ്. മന്ത്രി പദവി മാത്രമല്ല ജനസേവനം. അത് വ്യക്തമായി ടീച്ചര്ക്കറിയാമെന്നും അരുണ്‍ ഗോപി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
‘പുതിയ മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങള്‍ ടീച്ചര്‍ ഇല്ലാത്തത് ഒരു ഒരുകുറവായി കാണുന്നില്ല അതിലും മികച്ച മന്ത്രിമാര്‍ ഈ സഭയിലുണ്ടാകും ഉറപ്പ്, അവര്‍ക്ക് നല്കുന്ന അവസരങ്ങള്‍ക്കു നിറഞ്ഞ കയ്യടി. മാറ്റങ്ങള്‍ അനിവാര്യമാണ്. മന്ത്രി പദവി അല്ലാലോ ജനസേവനത്തിന്റെ അവസാന വാക്ക് അത് നന്നായി അറിയുന്ന ഒരാള്‍ തന്നെയാണ് ടീച്ചര്‍.’- അരുണ്‍ ഗോപി പറഞ്ഞു.
ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയതില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി നടന് വിനായകനും രംഗത്തത്തിയിരുന്നു. സജിത്ത് കുമാര്‍ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കിട്ടുകൊണ്ടായിരുന്നു വിനായകന് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിയാകുന്നതിനു മുന്‍പ് ശൈലജ ടീച്ചര്‍ ലോകമറിയപ്പെടുന്ന ഇത്രയും കഴിവുള്ളൊരു നേതാവാണെന്ന് നമ്മളാരെങ്കിലും തിരിച്ചറിഞ്ഞിരുന്നോ എന്ന് ചോദിക്കുകയാണ് വിനായകന്.
ഇന്നലെയാണ് രണ്ടാം പിണറിയി സര്‍ക്കാരിലെ മന്ത്രിമാരെ തെരഞ്ഞെടുത്തത്. പിണറായി വിജയന് (ധര്‍മ്മടം), എം.വി.ഗോവിന്ദന് (തളിപ്പറമ്പ്), കെ.രാധാകൃഷ്ണന് (ചേലക്കര), പി.രാജീവ് (കളമശ്ശേരി), കെ.എന്‍.ബാലഗോപാല്‍ (കൊട്ടാരക്കര), സജി ചെറിയാന് (ചെങ്ങന്നൂര്‍), വി.എന്‍.വാസവന് (ഏറ്റുമാനൂര്‍), പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂര്‍), വി.ശിവന്‍കുട്ടി (നേമം), ആര്. ബിന്ദു (ഇരിങ്ങാലക്കുട), വീണാ ജോര്‍ജ് (ആറന്മുള ), വി.അബ്ദുള്‍ റഹ്മാന് (താനൂര്‍) എന്നിവരാണ് സിപിഐഎം മന്ത്രിമാര്‍.
പി.പ്രസാദ് (ചേര്‍ത്തല), കെ.രാജന് (ഒല്ലൂര്‍), ജി.ആര്.അനില്‍ (നെടുമങ്ങാട്), ജെ.ചിഞ്ചുറാണി (ചടയമംഗലം) എന്നിവരാണ് സിപിഐയുടെ മന്ത്രിസഭയിലെ സാന്നിദ്ധ്യം. കേരളാ കോണ്‍?ഗ്രസില്‍ എമ്മില്‍ നിന്ന് റോഷി അഗസ്റ്റിന് (ഇടുക്കി), ജെഡിഎസില്‍ നിന്ന് കെ.കൃഷ്ണന്‍കുട്ടി (ചിറ്റൂര്‍), എന്‍സിപിയില്‍ നിന്ന് എ.കെ.ശശീന്ദ്രന് (ഏലത്തൂര്‍), ജനാതിപത്യ കേരളാ കോണ്‍?ഗ്രസില്‍ ആന്റണി രാജു (തിരുവനന്തപുരം) എന്നിവര്‍ മന്ത്രിസഭയിലെത്തും. അഹമ്മദ് ദേവര്‍കോവില്‍ (കോഴിക്കാട് സൗത്ത് ) ഐഎന്‍എല്ലിന്റെ പ്രതിനിധി.