രാജന് പി. ദേവിന്റെ മകനും നടനുമായ ഉണ്ണി രാജിന്റെ ഭാര്യയുടെ ആത്മഹത്യയില്‍ കൂടുതല്‍ ആരോപണങ്ങളുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത്. മരിച്ച പ്രിയങ്ക ഭര്‍തൃവീട്ടില്‍ നിന്നും ഗുരുതരമായി മര്‍ദനമേറ്റിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.
പ്രിയങ്കയെ മരിദിച്ച ശേഷം ഒരു രാത്രി മുഴുവന്‍ മുറ്റത്ത് നിര്‍ത്തി. സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന ശേഷം ഭര്‍തൃവീട്ടില്‍ നിന്ന് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതാണ് ജീവനൊടുക്കാന്‍ കാരണമെന്നും അമ്മ ജയ പറഞ്ഞു. മരിക്കുന്നതിന് തൊട്ട് മുന്‍പ് വന്ന ഫോണ്‍ വിളി കേന്ദ്രീകരിച്ച് പൊലീസും അന്വേഷണം തുടങ്ങി.
അന്തരിച്ച നടന് രാജന് പി. ദേവിന്റെ ഇളയ മകന് ഉണ്ണി രാജിന്റെ ഭാര്യയായ തിരുവനന്തപുരം വെമ്പായം സ്വദേശി പ്രിയങ്കയെ ബുധനാഴ്ചയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മാനസിക-ശാരീരിക പീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് പരാതി നല്കിയ കുടുംബം അതിന്റെ സാഹചര്യങ്ങള്‍ വ്യക്തമാക്കുകയാണ്.
പണം ആവശ്യപ്പെട്ട് പ്രിയങ്കയെ ഉണ്ണി നിരന്തരം ഉപദ്രവിച്ചിരുന്നു. പത്താം തീയതി ക്രൂരമായി മര്‍ദിച്ചു. പ്രിയങ്ക അങ്കമാലി പൊലീസില്‍ വിളിച്ച് പരാതി പറഞ്ഞതോടെ അന്ന് രാത്രി വീട്ടില്‍ കയറ്റാതെ മുറ്റത്ത് നിര്‍ത്തി. ഉണ്ണിയുടെ അമ്മക്കും ഉപദ്രവത്തില്‍ പങ്കുണ്ട്.
മര്‍ദന വിവരം അറിഞ്ഞ് 11 ന് സഹോദരന് എത്തുമ്പോള്‍ അവശനിലയിലായിരുന്നു. വെമ്പായത്ത് കൂട്ടിക്കൊണ്ട് വന്ന ശേഷം ചികിത്സ തേടി പൊലീസില്‍ പരാതിയും നല്കി. 12 ന് ഉച്ചക്ക് ഒരു ഫോണ്‍ വന്നതോടെയാണ് പ്രിയങ്ക മുറിക്കുള്ളിലേക്ക് കയറിയതും തൂങ്ങി മരിച്ചതും.