പൃഥ്വിരാജ്, പാര്‍വതി ജോഡികളുടെ വിവാദചിത്രമായ മൈസ്റ്റോറി വീണ്ടും റിലീസിനെത്തിയിരിക്കുന്നു. ആദ്യ റിലീസില്‍ ചിത്രം കണ്ടിറങ്ങിയവരുടെ പ്രതികരണങ്ങള്‍ കണക്കിലെടുത്താണ് സിനിമ വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് സംവിധായികയും നിര്‍മാതാവുമായ റോഷ്നി ദിനകര്‍ പറയുന്നു. ഏകദേശം മുപ്പതോളം തിയറ്ററുകളിലാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്.
പല പ്രത്യേകതകളും ഉള്ള ചിത്രമാണ് മൈ സ്റ്റോറി. പോര്‍ച്ചുഗല്‍, സ്പെയിന്, ജോര്‍ജിയ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമാണിത്. കൂടാതെ എന്നു നിന്റെ മൊയ്തീന് എന്ന ചിത്രത്തിനുശേഷം പൃഥ്വിരാജ്, പാര്‍വതി ജോഡികള്‍ ഒന്നിച്ച ചിത്രവും. പാര്‍വതി ഡബിള്‍ റോളില്‍ അഭിനയിച്ച ആദ്യ ചിത്രം, ചെന്നൈ എക്സ്പ്രസ് പോലുള്ള ഷാരൂഖ് ഖാന് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ക്യാമറാമാന് വിനോദ് പെരുമാള്‍ ആദ്യമായി ക്യാമറ ചെയ്ത മലയാള ചിത്രം എന്നിങ്ങനെ വിശേഷണങ്ങള്‍ പലതാണ്.
മൈസ്റ്റോറി നല്ല ഒരു വിനോദ ചിത്രമെന്നതില്‍ ഉപരി, നല്ലൊരു മ്യൂസിക്കല്‍ ഡ്രാമ കൂടിയാണെന്ന് റോഷ്നി പറയുന്നു. ഷാന്‍ റഹ്മാന്റെ വ്യത്യസ്ത ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. റോഷ്നിയും ഭര്‍ത്താവ് ദിനകറും ചേര്‍ന്ന് റോഷ്നി ദിനകര്‍ പ്രൊഡക്ഷന്‍സിനുവേണ്ടി നിര്‍മിച്ച മൈസ്റ്റോറി പാദുവാ ഫിലിംസാണ് വീണ്ടും റിലീസ് ചെയ്യുന്നത്.