കൊച്ചി: തുടര്‍ ഭരണം തന്നെ വേണം അത് മികച്ച രീതിയില്‍ തന്നെ വേണമെന്ന് നടന് ആസിഫ് അലി. എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ ഇനിയും അധികാരത്തില്‍ വരണമെന്ന ആഗ്രഹം ആസിഫ് അലി തുറന്നുപറഞ്ഞു. തെരഞ്ഞെടുപ്പ് ദിനത്തില്‍ തന്റെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആസിഫ് അലി.
‘ഞാന്‍ കൊച്ചിയില്‍ ഷൂട്ടിങ്ങിനിടെ ഇന്നലെ നാട്ടിലെത്തിയതാണ്. ഇന്ന് വോട്ട് ചെയ്ത് മടങ്ങണം. വോട്ട് ചെയ്യുമ്പോള്‍ എപ്പോഴും നമുക്കുള്ള പ്രതീക്ഷ നല്ലത് തന്നെ വരണം എന്നാണല്ലോ. ഇത് വരെ നമുക്ക് കിട്ടിയതില്‍ മികച്ച ഭരണം വേണം എന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. തുടര്‍ ഭരണം തന്നെ വേണം അത് മികച്ച രീതിയില്‍ തന്നെ വേണം.’- ആസിഫ് അലി പറഞ്ഞു.
‘ഈ ഒരു കാലഘട്ടത്തില്‍ എല്ലാ സ്ഥലങ്ങളിലും മേഖലകളിലും യുവാക്കള്‍ ഒരുപാട് ഉണ്ട്. അങ്ങനെ തന്നെയാണ് തെരഞ്ഞെടുപ്പിന്റെ സമയത്തും ആവശ്യം. ആവശ്യമെന്താണെന്ന് മനസിലാക്കി ഞാന്‍ ഉള്‍പ്പടെയുള്ള പുതിയ തലമുറ മുന്നോട്ട് വരണം. കൃത്യമായി നമ്മുടെ വോട്ടുകള്‍ വിനിയോഗിക്കണം.’- ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.
ഇടുക്കി കുമ്പന്‍കല്ല് സ്കൂളിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്. കൊച്ചിയില്‍ ഷൂട്ടിങ്ങിനിടെ ഇന്നലെ രാത്രി വോട്ട് ചെയ്യാനായി നാട്ടിലെത്തിയതാണ് ആസിഫ് അലി. താരം വോട്ട് ചെയ്ത ശേഷം കൊച്ചിയിലേക്ക് മടങ്ങുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.