കൊച്ചി: വേദനനിറഞ്ഞ ജീവിതത്തില്‍ തളരാതെ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന നടി ശരണ്യ ഇന്ന് സോഷ്യല്‍മീഡിയയ്ക്കും ഏറെ പ്രിയപ്പെട്ടവളാണ്. വെള്ളിത്തിരയിലും മിനിസ്ക്രീനിലും നിറഞ്ഞുനില്‍ക്കുമ്പോഴാണ് ശരണ്യയെ കാന്‍സര്‍ രോഗം പിടികൂടുന്നത്. പിന്നീട് ആശുപത്രിക്കിടക്കയിലും മറ്റുമായി ശരണ്യയുടെ ജീവിതം.
ശരണ്യയെ ഓര്‍ത്ത് പ്രിയപ്പെട്ടവരും ആരാധകരും തേങ്ങി. ബ്രെയിന്‍ ട്യൂമറിന്റെ രൂപത്തിലെത്തിയ വിധി ആ പഴയ പ്രസരിപ്പിനെ ഇത്തിരി നേരത്തേക്കെങ്കിലും മായ്ച്ചുകളഞ്ഞു. പക്ഷേ എല്ലാ പരീക്ഷണങ്ങളേയും മറികടന്ന് പഴയ ജീവിതത്തിലേക്ക് ശരണ്യ നടന്നുകയറി.
യുട്യൂബ് ചാനലിലൂടെയും മറ്റും താരം സോഷ്യല്‍മീഡിയയില്‍ സജീവമായി. ജീവിതത്തിലേക്ക് തിരിച്ചെത്തിയ ശരണ്യയുടെ പുഞ്ചിരി ആരാധകരെയും ഏറെ സന്തോഷിപ്പിച്ചു. പക്ഷേ ശരണ്യയെ വീണ്ടും രോഗത്തിന്റെ ബുദ്ധിമുട്ടുകള്‍ പിടിമുറുക്കിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
സിറ്റി ലൈറ്റ്സ് എന്ന യൂ ട്യൂബ് ചാനലില്‍ ഇക്കുറി ശരണ്യയ്ക്കു പകരം അമ്മയാണ് എത്തിയത്. ‘വിഡിയോയില്‍ ശരണ്യയില്ല… അവള് കൂടെയില്ല, പക്ഷേ അവളുടെ പ്രിയപ്പെട്ട കുട്ടൂസന് എന്റെ കൂടെയുണ്ട്. അവള്‍ക്ക് വീണ്ടും വയ്യാണ്ടായി,കിടക്കുവാണ്. ആരോഗ്യത്തിന് നല്ല പ്രശ്നമുണ്ട്. രണ്ട് മാസം മുമ്പ് നടത്തിയ സ്കാനിങ്ങില്‍ വീണ്ടും ട്യൂമര്‍ വളരുന്നതായി കണ്ടു. അത് വീണ്ടും സര്‍ജറി ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എല്ലാവരും അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.’- വേദനയോടെ അമ്മ പറയുന്നു.
അവള് ഒരേ കിടപ്പായിരുന്നു. അന്ന് ഡിസ്ചാര്‍ജായി വന്നപ്പോള്‍ വലിയ ഹാപ്പിയായിരുന്നു. അസുഖം ഇനി വരില്ല, പൂര്‍ണമായി വിട്ടുപോയി എന്ന സന്തോഷമായിരുന്നു അവള്‍ക്ക്. പക്ഷേ വീണ്ടും വന്നപ്പോള്‍ വല്ലാത്ത അവസ്ഥയായി.- ശരണ്യയുടെ അമ്മ പറയുന്നു.