കൊച്ചി: എഎംഎംഎയുടെ കമ്മറ്റിയോഗത്തില്‍ മുകേഷും, ഷമ്മി തിലകനും തമ്മില്‍ രൂക്ഷമായ വാക്കേറ്റം. കൈയ്യാങ്കളിയിലേയ്ക്ക് കടന്ന ഇരുവരുടെയും തര്‍ക്കത്തെ അനുനയിപ്പിച്ചത് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവരുടെ ഇടപെടല്‍ മൂലമാണ്. സംവിധായകന് വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. തിലകനും സംഘടനയും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനാണ് ഷമ്മിയെ ചൊവ്വാഴ്ചത്തെ യോഗത്തിലേക്ക് ക്ഷണിച്ചത്.
‘വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാനായി അമ്പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങിയ എന്നെ പാരവെച്ചത് ഇയാളാണെ’ന്ന് സംസാരമധ്യേ ഷമ്മി പറഞ്ഞു. ഇതാണ് മുകേഷിനെ ചൊടിപ്പിച്ചത്. ‘ഞാന്‍ അവസരങ്ങള്‍ ഇല്ലാതാക്കിയോ’ എന്ന് താരം തിരിച്ചു ചോദിച്ചു. ‘അവസരങ്ങള്‍ ഇല്ലാതാക്കുകയല്ല, വിനയന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പിന്നെ നീ അനുഭവിക്കും’ എന്നാണ് പറഞ്ഞതെന്ന് ഷമ്മി പറഞ്ഞു. ‘മാന്നാര്‍ മത്തായി സ്പീക്കിങ്-2’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം നടന്നതെന്നും ഷമ്മി വ്യക്തമാക്കി.
വിനയന്റെ സിനിമയില്‍ അഭിനയിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ മുകേഷാണ് വലുതാക്കിയതെന്നും ഇതേത്തുടര്‍ന്ന് തന്റെ കുടുംബത്തിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും ഷമ്മി ആരോപിച്ചു. തിലകനെയും ഷമ്മിയെയും ചേര്‍ത്ത് തമാശപറഞ്ഞുകൊണ്ടാണ് മുകേഷ് ഇതിനെ നേരിട്ടത്. ഇത് ഷമ്മിയെ കുപിതനാക്കി. ‘തന്റെ വളിപ്പുകള്‍ ഇവിടെ വേണ്ടെന്നും തന്നെ ജയിപ്പിച്ചുവിട്ടതിന് സിപിഎമ്മിനെ പറഞ്ഞാല്‍മതി’യെന്നും ഷമ്മി തുറന്നടിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വലിയ വാക് തര്‍ക്കമായി. കൈയാങ്കളിയിലേക്ക് നീങ്ങുന്നുവെന്ന് കണ്ടാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടത്.