തിരുവനന്തപുരം: വിമര്‍ശകരുടെ വായടപ്പിച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാര സമര്‍പ്പണച്ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍ എത്തി. സഹപ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് വരാന്‍ തനിക്ക് ആരുടെയും അനുവാദം വേണ്ടെന്നും സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നത് കാണുന്നത് അവകാശവും കടമയുമാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
മുഖ്യാതിഥിയായല്ല സഹപ്രവര്‍ത്തകരുടെ ഒത്തുചേരലിലേക്കാണ് താന്‍ വന്നിരിക്കുന്നതെന്നും കാലത്തിന്റെ തിരശീല വീഴും വരെ ഇവിടെയൊക്കെ ഉണ്ടാകുമെന്നും മോഹന്‍ലാല്‍ നിറഞ്ഞ കയ്യടികള്‍ക്കിടെ പ്രഖ്യാപിച്ചു.
‘ഇന്ദ്രന്‍സിനോളം എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞില്ലല്ലോ, എത്തിയില്ലല്ലോ എന്ന ആത്മവിമര്‍ശനമാണ് എനിക്ക് തോന്നിയിട്ടുള്ളത്. നിങ്ങള്‍ക്കിടയിലേക്ക് വരാന്‍ എനിക്ക് ആരുടെയും അനുവാദം വേണ്ട. കാരണം നിങ്ങളെയോ സിനിമയോ വിട്ടോ ഞാനെങ്ങും പോയിട്ടില്ല നാല്പതു വര്‍ഷമായി ഇവിടെ തന്നെയുണ്ട്. സിനിമയില്‍ എനിക്ക് കുറിച്ച് വച്ചിട്ടുള്ള സമയം തീരുന്നിടത്തോളം ഞാന്‍ ഇവിടെ തന്നെയുണ്ട്. വിളിക്കാതെ വന്നു കയറിയാല്‍ എനിക്ക് ഇരിക്കാന്‍ ഒരിരിപ്പിടം നിങ്ങളുടെ മനസിലും എല്ലായിടത്തും ഉണ്ടാകും എന്ന വിശ്വസത്തോടെ നിര്‍ത്തട്ടെ, നന്ദി’ മോഹന്‍ലാല്‍ പറഞ്ഞു.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ മേഖലകളിലായി അംഗീകാരം നേടിയ 43 പേര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം സമ്മാനിക്കും. മോഹന്‍ലാല്‍ പങ്കെടുത്താല്‍ ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് നിരവധിപ്പേര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനൊന്നും വിലകല്‍പ്പിക്കാതെ നൂറുകണക്കിനു പേരാണു ചടങ്ങില്‍ പങ്കെടുക്കുന്നത്