സിനിമാ സീരിയല്‍ താരം ശാലു മേനോന്- സജി നായര്‍ ദമ്പതികള്‍ വേര്‍പിരിയുകയാണെന്ന വാര്‍ത്തകള്‍ അടുത്തിടെയാണ് മാധ്യമങ്ങളില്‍ പ്രചരിച്ചത്. സ്വന്തമായി നൃത്ത വിദ്യാലയം നടത്തുന്ന ശാലു വലിയൊരു ഇടവേളയ്ക്ക് ശേഷം അടുത്തിടെയാണ് അഭിനയത്തില്‍ സജീവം ആയത്.
ഇതിനിടയിലാണ് ശാലു മേനോന് ഭര്‍ത്താവുമായി വേര്‍പിരിയുകയാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചത്. ഇരുവരും ഉടന്‍ വേര്പിരിയുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ വിശദീകരണം നല്‍കുകയാണ് ശാലുവിന്റെ ഭര്‍ത്താവ് സജി.
‘പ്രത്യേകിച്ചു മറുപടി പറയാന്‍ എനിക്കില്ല. കൂടുതല്‍ പേരും ഞങ്ങള്‍ വേര്‍പിരിഞ്ഞോ എന്നാണ് ചോദിച്ചുകൊണ്ടിരിക്കുന്നത്. വാര്‍ത്തകള്‍ കാണുകയും ചെയ്തു. പക്ഷെ അതിന്റെ മറുപടി ഞാന്‍ അല്ലല്ലോ പറയേണ്ടത്. വേര്‍പിരിയാന്‍ താത്പര്യം ഉള്ള ആളല്ല ഞാന്‍.’ – സജി പറഞ്ഞു.
‘ശാലുവിന് വേര്‍പിരിയണോ എന്നുള്ളത് എനിക്ക് അറിയില്ല. ശാലു തന്നെ അതിന്റെ മറുപടി നല്കട്ടെ’- സജി വ്യക്തമാക്കി. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സജി നായര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. സോളാര്‍ കേസില്‍പെട്ട് ജയില്‍ വാസത്തിലായിരുന്ന ശാലു ഇതിനുശേഷമാണ് വിവാഹം കഴിച്ചത്. 2016 ല്‍ ആയിരുന്നു സജിയും ശാലുവും തമ്മിലുള്ള വിവാഹം. എന്നാല്‍ ഈ വാര്‍ത്തകളോട് ശാലു മേനോന് പ്രതികരിച്ചിട്ടില്ല.