മകള്‍ വിസ്മയ എഴുതിയ ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകത്തെക്കുറിച്ച് അഭിമാനത്തോടെ നടന് മോഹന്‍ലാല്‍. വിസ്മയയുടെ കവിതകള്‍ വായിക്കുമ്പോള്‍ തനിക്ക് ജാപ്പനീസ് ഹൈക്കു കവി ബാഷോയെ ഓര്മ വരുന്നതായി പുസ്തകത്തിനെഴുതിയ ആമുഖത്തില്‍ മോഹന്‍ലാല്‍ കുറിച്ചു.
വിസ്മയ പലപ്പോളായി എഴുതിയ കവിതകളാണ് ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്. പെന്ഗ്വിന് ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകം ബെസ്റ്റ് സെല്ലര്‍ ആയതില്‍ സന്തോഷമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇന്ത്യയിലെ പുസ്തക ശാലകളില്‍ പുസ്തകം വാലെന്റൈന്‍സ് ദിനത്തില്‍ പുറത്തിറങ്ങുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു.
എന്റെ മകള്‍ വിസ്മയയുടെ പുസ്തകം ഇതിനകം ഒരു ബെസ്റ്റ് സെല്ലറായതില്‍ സന്തോഷം. നിങ്ങള്‍ നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. വായിച്ചതിനു ശേഷം പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെക്കുക. നാളെ ഫെബ്രുവരി 14 മുതല്‍ ഇന്ത്യയിലുടനീളമുള്ള പുസ്തക ശാലകളില്‍ പുസ്തകങ്ങള്‍ ലഭ്യമാകും- മോഹന്‍ലാല്‍ പറഞ്ഞു.
‘വിസ്മയയുടെ കവിതകള്‍ വായിക്കുമ്പോള്‍ എനിക്ക് ജാപ്പനീസ് ഹൈക്കു കവി ബാഷോയെ ഓര്‍മവരുന്നു. അര്‍ഥത്തെക്കാള്‍ ചിന്തയുടെ വിചിത്രമായ പ്രകാശനമാണ് ഈ കവിതകളില്‍. യാത്രയും ലക്ഷ്യവും തമ്മില്‍ വേര്തിരിക്കാനാവാത്തവിധത്തിലുള്ള ചിന്തയുടെ ഒരു അരുവി. ചിത്രങ്ങളും അതുപോലെതന്നെ. ബാഷോയെപ്പോലുള്ള ഇതിഹാസകവികളുടെ ദര്‍ശനങ്ങള്‍ എന്റെ മകളുടെ ചിന്തകളെയും വാക്കുകളെയും വഴിനടത്തേണമേ എന്നും അവളുടെ പ്രചോദനങ്ങളുടെ ഉറവയാവണേ എന്നുമാണ് എന്റെ പ്രാര്‍ഥന’, മോഹന്‍ലാല്‍ മകളുടെ കവിതകള്‍ക്ക് എഴുതിയ ആമുഖം ഇങ്ങനെ.
സിനിമയില്‍ സജീവമല്ലെങ്കിലും വിസ്മയ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരപുത്രിയാണ്. കവിതകളും, ചിത്രങ്ങളും, ഫിറ്റ്നസുമായി ബന്ധപ്പെട്ട വീഡിയോസ് എന്നിവയാണ് വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ കൂടുതലും പോസ്റ്റ് ചെയ്യുന്നത്.