2021ല്‍ മലയാളികളെ തളര്‍ത്തിയ മരണമായിരുന്നു കവി അനില്‍ പനച്ചൂരാന്റെത്. അദ്ദേഹത്തിന്റെ വേര്‍പാട് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. അനിലിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കിടുകയാണ് ഭാര്യ മായ. കവിഹൃദയം നിലയ്ക്കുന്നതിന്റെ തലേദിവസം അദ്ദേഹം മായയോട് പറഞ്ഞ വാക്കുകളാണ് ആരാധകര്‍ സങ്കടത്തോടെ ഏറ്റെടുത്തിരിക്കുന്നത്.
വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മായ തന്റെ പ്രിയതമനെക്കുറിച്ച് പറഞ്ഞത്. അനിലിനെ പരിചയപ്പെട്ടതും പ്രണയത്തിലായതും എങ്ങനെയാണെന്ന് വെളിപ്പെടുത്തുകയാണ് മായ. പത്താംക്ലാസില്‍ വെച്ചാണ് മായ അനിലിനെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. അവിടെ നിന്ന് തുടങ്ങിയ പരിചയമാണ് പിന്നീട് പ്രണയമായതും വിവാഹത്തിലേക്ക് നയിച്ചതും.
‘കുറെ സമയം എന്നെ കാണാതിരുന്നാല്‍ നീ എന്ത് ചെയ്യും?’ എന്ന അനിലിന്റെ ചോദ്യത്തിന് ‘ഞാന്‍ വന്നു, നോക്കി കണ്ടുപിടിക്കും’ എന്നായിരുന്നു മായയുടെ മറുപടി. ആ വാക്കുകള്‍ അദ്ദേഹം തന്റെ ഡയറിയില്‍ കവിതയായി കുറിച്ചിടുകയും ചെയ്തു.
ജനുവരി മൂന്നിനായിരുന്നു അദ്ദേഹം അന്തരിച്ചത്. അനില്‍കുമാര്‍ പിയു എന്നാണ് യഥാര്‍ത്ഥ പേര്. ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത പുതുപ്പള്ളി ഗ്രാമത്തില്‍ ഗോവിന്ദ മുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനായി ജനനം.
നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകല്‍ കാകദീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.