സമൂഹമാധ്യമത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിച്ചതിന്റെ പേരില്‍ നടി രേവതി സമ്പത്തിന് നേരെ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം. ഇതില്‍ പ്രതികരിച്ച് താരം തന്നെ രംഗത്തെത്തി. തന്റെ നിലപാടില്‍ മാറ്റമില്ലെന്നും മരണം വരെ വിമര്‍ശിക്കേണ്ടതിനെ എല്ലാം വിമര്‍ശിച്ചു കൊണ്ടേയിരിക്കുമെന്നും രേവതി പറഞ്ഞു.
രേവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും തെറിവിളികളുമായാണ് സൈബര്‍ ലോകത്തെ സംഘപരിവാര്‍ അനുഭാവികള്‍ നടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സംഘപരിവാര്‍ സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് രേവതി പറയുന്നത് ഇങ്ങനെ:
”വെറുക്കുന്ന സംഘികളെ, കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച ഒരു പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ നിരന്തരമായി മെസ്സഞ്ചറിലും കമന്റ് ബോക്സിലും കേസെടുക്കും, കേസെടുത്തു കൊണ്ടിരിക്കുന്നു, ഏറ്റെടുക്കാന്‍ പോകുന്നു, കേസെടുത്തു കഴിഞ്ഞു എന്നൊക്കെ പറഞ്ഞു മഴവെള്ളപ്പാച്ചില്‍ പോലെ വരുന്നുണ്ട് മെസ്സേജുകള്‍.
കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ അടുത്തിടെ ടൈംലൈനില്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഉചിതമായി തോന്നിയ ഒരു റെപ്രസെന്റേഷന്‍ ആണ് ഈ ചിത്രം. നോക്കൂ നിങ്ങളോട് എനിക്ക് ആകെ ഇത്രയെ പറയാനുള്ളൂ, നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളൊക്കെ തുടര്‍ന്നുകൊണ്ടിരിക്കൂ എന്ന് മാത്രമേ പറയാനുള്ളൂ.
കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത് വീണ്ടും എണ്ണമറ്റാത്തത്രയും പ്രാവശ്യം ഞാന്‍ ആവര്‍ത്തിക്കുന്നു ആന്‍ഡ് ഐ സ്റ്റാന്‍ഡ് ബൈ ഇറ്റ്. നിലപാടില്‍ നിന്ന് ഒരടി പിന്നോട്ട് ഇല്ല, അതിനിപ്പോ എന്തൊക്കെ കോലാഹലങ്ങള്‍ നിങ്ങള്‍ സൃഷ്ടിച്ചാലും ശരി. വെറുതെ മെസ്സേജ് അയച്ച് സമയം കളയാതെ ശാഖയില്‍ പോയി കുത്തിത്തിരുപ്പുകള്‍ ആലോചിക്കൂ.. മരണം വരെ വിമര്‍ശിക്കേണ്ടതിനെ എല്ലാം വിമര്‍ശിച്ചുകൊണ്ടേ ഇരിക്കും.”- രേവതി വ്യക്തമാക്കി.
കഴിഞ്ഞദിവസമാമ് മോഡി ഇന്ത്യയെ കാര്‍ന്നു തിന്നുന്ന പുഴുവാണെന്ന് പറഞ്ഞുകൊണ്ട് രേവതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇന്ത്യയുടെ മാപ്പിന്റെ പ്രതീകാത്മക രൂപത്തിലുള്ള ഇലയില്‍ പുഴുവായി ഇരിക്കുന്ന മോഡിയുടെ എഡിറ്റ് ചെയ്ത ചിത്രം പോസ്റ്റ് ചെയ്താണ് രേവതി സമ്പത്ത് ഫേസ്ബുക്കില്‍ ഇക്കാര്യം കുറിച്ചത്. ഇതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം.