കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്കി പോപ് ഗായിക റിഹാന, ഗ്രേറ്റ തുന്‍ബര്‍ഗ്, മിയ ഖലീഫ എന്നിവരെല്ലാം പ്രതികരിച്ചിരുന്നു. കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച വിദേശ സെലിബ്രിറ്റികളെ വിമര്‍ശിച്ച സച്ചിന് ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള താരങ്ങളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടന് സിദ്ധാര്‍ത്ഥ്.
ട്വിറ്ററിലൂടെ ആയിരുന്നു താരം തന്റെ നിലപാട് വ്യക്തമാക്കിയത്. നായകന്മാരെ വിവേകത്തോടെ തെരഞ്ഞെടുക്കണമെന്നും അല്ലെങ്കില്‍ അവര്‍ വീഴുന്നത് കാണേണ്ടി വരുമെന്നും സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു. ‘നിങ്ങളുടെ ഹീറോയെ വിവേകത്തോടെ തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ അവര്‍ ഉന്നതങ്ങളില്‍ നിന്ന് വീഴുന്നത് കാണേണ്ടി വരും.
വിദ്യാഭ്യാസം, ദീനാനുകമ്പ, സത്യസന്ധത, കുറച്ചെങ്കിലും നട്ടെല്ല് .. അത്രയുമുണ്ടായിരുന്നെങ്കില്‍ ഇവര്‍ രക്ഷപ്പെട്ടേനെ. ഒരു കാര്യത്തിലും നിലപാടെടുക്കാത്ത കരുത്തരായ ചിലര്‍ പെട്ടെന്ന് ഒരേ ശബ്ദത്തിലും താളത്തിലും പാടാനും ഒരേ പാതയില്‍ സഞ്ചരിക്കാനും തുടങ്ങുന്നതിനെയാണ് പ്രൊപ്പഗാന്‍ഡ എന്ന് പറയുന്നത്. നിങ്ങളുടെ പ്രൊപ്പഗാന്‍ഡ ഏതെന്ന് തിരിച്ചറിയുക”, എന്നാണ് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്.
ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കറിനെ ഉന്നമിട്ടായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്. ‘ഇന്ത്യയുടെ പരമാധികാരം വിട്ടുവീഴ്ചയില്ലാത്തത്. വിദേശശക്തികള്‍ക്ക് അതുകണ്ടു നില്‍ക്കാമെന്നല്ലാതെ ഇടപെടാന്‍ കഴിയില്ല. ഇന്ത്യ എന്താണെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം; ഇന്ത്യയ്ക്കുവേണ്ടി തീരുമാനങ്ങള്‍ കൈകൊള്ളാനും. രാജ്യത്തിന് കീഴില്‍ ഞങ്ങള്‍ ഒന്നിച്ച് അണിചേരുന്നത് തുടരുക തന്നെ ചെയ്യും’- എന്നായിരുന്നു ട്വിറ്ററില്‍ സച്ചിന് കുറിച്ച വാക്കുകള്‍. സച്ചിനെതിരെ ട്രോളുകളും വിമര്‍ശനങ്ങളും നിറയുകയാണ് സമൂഹമാധ്യമങ്ങളിലിപ്പോള്.