നടന് സുരാജ് വെഞ്ഞാറന്മൂടും നടി നിമിഷ സജയനും ഒന്നിച്ച ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്’ എന്ന സിനിമയെക്കുറിച്ച് വലിയ തോതിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വീട്ടകങ്ങളിലെ അടുക്കളകളില്‍ തളച്ചിടപ്പെടുന്ന സ്ത്രീകളുടെ അവസ്ഥയായിരുന്നു സിനിമയില്‍ അവതരിപ്പിച്ചത്.
ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. സാധാരണ സിനിമകളില്‍ നിന്നും വ്യത്യസ്തമായാണ് ഈ ചിത്രം ആരംഭിക്കുന്നത്. ദൈവത്തിനോ വ്യക്തികള്‍ക്കോ നന്ദി പറയുകയാണ് സാധാരണയായി സിനിമകളില്‍ കണ്ടു വരുന്നത്.
എന്നാല്‍ ശാസ്ത്രത്തിന് നന്ദി പറഞ്ഞു കൊണ്ടായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ ആരംഭിച്ചത്. സംവിധായകന്റെ ഈ സമീപനത്തെ വിമര്‍ശിച്ചുകൊണ്ടു നടന് ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. ശാസ്ത്രം വിശ്വാസമല്ലെന്നും പുതിയ ആചാരങ്ങള്‍ ഉണ്ടാക്കരുതെന്നും നടന് ഹരീഷ് പേരടി കുറിപ്പില്‍ വ്യക്തമാക്കി.
ശാസ്ത്രത്തിന് മറുപടി നല്‍കാനുള്ള കാരണത്തെക്കുറിച്ച് റിപോര്ട്ടര്ലൈവിന് നല്കിയ അഭിമുഖത്തില്‍ ജിയോ ബേബി വ്യക്തമാക്കിയിരുന്നു. ‘സിനിമ ശാസ്ത്രത്തിന്റെ കണ്ടുപിടിത്തതാണ്. താങ്ക് ഗോഡ് എന്ന് പറയുവാന്‍ തുടങ്ങിയിട്ട് എത്രെയോ കാലങ്ങളായി.
ആ വാചകം പറയുന്നത് നിര്‍ത്തുവാന്‍ തുടങ്ങിയപ്പോഴാണ് എന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടായത്. അതിനു വേണ്ടി വലിയ പഠനങ്ങളോ, ചിന്തകളോ ഒന്നും തന്നെയും നടത്തിയിരുന്നില്ല. കോമണ്‍ സെന്‍സ് ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഇത് വ്യക്തമായിത്തന്നെ ബോധ്യപ്പെടും’, ഇപ്രകാരമായിരുന്നു ജിയോ ബേബിയുടെ വാക്കുകള്‍.
കുറിപ്പിന്റെ പൂര്‍ണരൂപം
ശാസ്ത്രം നിങ്ങളുടെ നന്ദി പ്രതീക്ഷിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഇടമല്ല. ശാസ്ത്രത്തിന് നന്ദി പറയാന്‍ തുടങ്ങുന്ന സമയം മുതല്‍ അത് മറ്റൊരു മതമായി മാറും. അതുകൊണ്ട് ശാസ്ത്രത്തെ വെറുതെ വിടുക. ശാസ്ത്രത്തിന് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. ജനിക്കാനിരിക്കുന്ന കുട്ടികള്‍ മതം ഏത്? എന്ന ചോദ്യത്തിന്റെ കോളത്തില്‍ ശാസ്ത്രം എന്നെഴുതിയാല്‍ ശാസ്ത്രം ശാസ്ത്രമല്ലാതാവും..
നിങ്ങള്‍ക്ക് നന്ദി പറഞ്ഞേ ശ്വാസം കിട്ടുകയുള്ളുവെങ്കില്‍ നിങ്ങളുടെതായ ഒരു സംഭാവനയുമില്ലാതെ നിങ്ങളെ ഈ ഭൂമിയില്‍ എത്തിച്ച നിങ്ങളെ നിങ്ങളാവാന്‍ സഹായിച്ച ബീജത്തിനും ഗര്‍ഭപാത്രത്തിനും നന്ദി പറയുക. അപ്പോള്‍ ശാസ്ത്രത്തിനുപോലും നിങ്ങളോട് ഒരു ബഹുമാനം തോന്നും..അല്ലെങ്കില്‍ നമ്മളുണ്ടാക്കിയ ഭരണഘടനക്കും നിയമത്തിനും നന്ദി പറയുക..ശാസ്ത്രം വിശ്വാസമല്ല പുതിയ ആചാരങ്ങള്‍ ഉണ്ടാക്കാതിരിക്കുക.