തിരുവനന്തപുരം: നടന് കൃഷ്ണ കുമാറിന്റെ വീട്ടില്‍ മലപ്പുറം സ്വദേശി അതിക്രമിച്ച് കയറിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ്. മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ഫസില്‍ ഉള് അക്ബറാണ് കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയത്.
ഇയാള്‍ക്ക് തീവ്രവാദ സ്വഭാവമുണ്ടൊയെന്ന് പൊലീസ് അന്വേഷിക്കും. മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസിനാണ് ഇയാളെ കുറിച്ച് അന്വേഷിക്കാനുള്ള ചുമതല. നടി അഹാന കൃഷണനെ കാണാനാണ് മലപ്പുറത്ത് നിന്നും വണ്ടിയോടിച്ച് എത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.സംഭവസമയത്ത് അഹാന വീട്ടിലുണ്ടായിരുന്നില്ല. പ്രതിയുടെ ബന്ധുക്കളുമായി സംസാരിച്ചെങ്കിലും ജാമ്യത്തിലിറക്കാനോ ഏറ്റെടുക്കാനോ താല്പര്യമില്ലെന്നാണ് ഇക്കൂട്ടര്‍ അറിയിച്ചത്. ഇതോടെ, ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളോ ലഹരിക്കടിമയോ ആണോയെന്ന് പൊലീസ് അന്വേഷിക്കും.
തദേശ തിരഞ്ഞെടുപ്പില്‍ കൃഷ്ണകുമാര്‍ ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങിയിരുന്നെങ്കിലും രാഷ്ട്രീയ വൈരാഗ്യമല്ല അതിക്രമ കാരണമെന്നും പൊലീസ് പറയുന്നു. കൂടാതെ, കൃഷ്ണ കുമാറിന്റെ വീട്ടിലെ അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.