തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ചൂട് സംസ്ഥാനത്ത് നിറയുമ്പോള്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടന് മണികണ്ഠന് ആചാരി. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ഇടതുപക്ഷ ഭരണത്തില്‍ താന്‍ തൃപ്തനാണെന്നും മണികണ്ഠന് പറഞ്ഞു. ഒരു സ്വകാര്യ മലയാളം വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നാടകത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത് ഇടതുപക്ഷം ആയതാണ് അങ്ങോട്ടേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണമായതെന്നും താന്‍ ഇതുവരെയും ഇടതുപക്ഷ അനുഭാവിയാണ് ഭാവിയിലും അങ്ങനെ തന്നെ ആകണം എന്നതാണ് ആഗ്രഹമെന്നും മണികണ്ഠന് പറയുന്നു.
നാല് വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തില്‍ താന്‍ തൃപ്തനാണ്, വിമര്‍ശനങ്ങളും വീഴ്ചകളും ഉണ്ടായാല്‍ അത് സമ്മതിക്കാന്‍ മടി കാണിക്കാത്ത സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും തെറ്റുപറ്റിയാല്‍ തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും മണികണ്ഠന് ചൂണ്ടിക്കാണിച്ചു.
‘നമ്മള് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണത്. ഇതുപോലെ മുന്‍പ് ആരും കണ്ടിട്ടുണ്ടാകില്ല. തെറ്റുകള്‍ അറിഞ്ഞുകൊണ്ട് ചെയ്യുകയും അങ്ങനെയൊരു തെറ്റുണ്ടായിട്ടുണ്ടോ എന്ന് അറിയാത്ത മട്ടില്‍ നടക്കുകയും ചെയ്യുന്ന നേതാക്കന്മാരെയാണ് കേരളം ഇതുവരെ കണ്ടിട്ടുള്ളത്. അതുവെച്ച് നോക്കുമ്പോള്‍ ഇടതുപക്ഷ സര്‍ക്കാരും നമ്മുടെ മുഖ്യമന്ത്രിയും ഏറെ വ്യത്യസ്തമാണ്.’ എന്നാണ് മണികണ്ഠന്റെ വാക്കുകള്‍.
കോണ്‍ഗ്രസോ ബിജെപിയോ എന്തെങ്കിലും തെറ്റ് ചെയ്യുകയാണെങ്കില്‍ തനിക്ക് വലിയ വിഷമം തോന്നാറില്ലെന്നും എന്നാല്‍ ഇടതുപക്ഷത്തുനിന്നും ഒരാള്‍ അഴിമതിക്കേസിന്റെയോ മറ്റോ ഭാഗമായാല്‍ തനിക്ക് ദേഷ്യവും വിഷമവും വെറുപ്പുമാണ് തോന്നുകയെന്നും നടന് പറഞ്ഞു.
വോട്ടിന് വേണ്ടി ഇടതുപക്ഷം പ്രവര്‍ത്തിച്ചതായി താന്‍ കണ്ടിട്ടില്ല. ഇനി അങ്ങനെ ഉണ്ടായാല്‍ തനിക്ക് ഇടതുപക്ഷത്തോട് താത്പര്യമുണ്ടാകില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തനിക്ക് ഏറ്റവുമധികം ഇഷ്ടമുള്ളത് എകെ ആന്റണിയോടാണെന്നും മണികണ്ഠന് ചൂണ്ടിക്കാണിച്ചു.
അതേസമയം, പ്രസ്ഥാനത്തില്‍ തനിക്ക് ഏറെ വിശ്വാസമുണ്ടെന്നും ഇടതുപക്ഷം നല്ല നിലയില്‍ തുടര്‍ന്നാല്‍ താന്‍ പ്രസ്ഥാനത്തിനോടൊപ്പം ഉണ്ടാകുമെന്നും ഇല്ലെങ്കില്‍ മാറുമെന്നും നടന് പറയുന്നുണ്ട്. നാളെ അവിടെ തന്നെ തുടരും എന്ന് ഉറപ്പ് പറയാന്‍ ആകില്ല. എങ്കിലും ഇടതുപക്ഷത്തെ തള്ളിപറയേണ്ട അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല എന്നും മണികണ്ഠന് പറഞ്ഞു.