മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടന് വിജിലേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് വധു. ബിഎഡ് ബിരുദധാരിയാണ് സ്വാതി. വിജിലേഷ് തന്നെയാണ് വിവാഹക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും വിവാഹമെന്ന് വിജിലേഷ് നേരത്തെ പറഞ്ഞിരുന്നു. മാട്രിമോണിയലിലൂടെയാണ് വിവാഹ ആലോചന വന്നതെന്നും കലാപ്രവര്‍ത്തനങ്ങള്‍ക്ക് സ്വാതി കൂട്ടായിട്ടുണ്ടാകുമെന്നും വിജിലേഷ് പറഞ്ഞു.
കല്യാണം സെറ്റായിട്ടുണ്ടേ. ഡേറ്റ് പിന്നീട് അറിയിക്കാട്ടോ, കൂടെ ഉണ്ടാവണം എന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതിയായാണ് വിജിലേഷ് വിവാഹക്കാര്യം അറിയിച്ചത്. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയും നേരത്തെ വിജിലേഷ് സാമൂഹ്യമാധ്യമത്തില്‍ കുറിച്ചിരുന്നു.
‘ജീവിതത്തില്‍ ഒരു കൂട്ടു വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്ക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന/ എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയിലാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ എന്നാണ് വിജിലേഷ് കുറിച്ചിരുന്നത്.
മഹേഷിന്റെ പ്രതികാരം, തീവണ്ടി, വരത്തന് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയനായ കഥാപാത്രമാണ് വിജിലേഷ് അവതരിപ്പിച്ചത്.