മികച്ച പ്രതികരണങ്ങള്‍ ഏറ്റുവാങ്ങുന്ന സൂര്യ ചിത്രം ‘സൂരറൈ പോട്രി’നെ പ്രശംസിച്ച് യുവതാരം ഷെയ്ന് നിഗമും രംഗത്ത്. ഒരുപാട് കാലത്തിന് ശേഷമാണ് ഇതുപോലൊരു മികച്ച സിനിമ കാണുന്നതെന്നാണ് ഷെയ്ന് നിഗത്തിന്റെ പ്രതികരണം. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന് ചലചിത്ര മേഖലയില്‍ നിന്നു പോലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഷൈന്‍ നിഗത്തിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ
‘സൂരറൈ പോട്ര്…
ഒരുപാട് കാലത്തിന് ശേഷമാണ് ഇതുപോലൊരു മികച്ച സിനിമ കാണുന്നത്. ഇതിലെ എല്ലാ വശങ്ങളും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. മാരന് എന്ന കഥാപാത്രത്തെ ഇതിലും മികച്ചതാക്കാന്‍ മറ്റൊരാളെ കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല. സൂര്യ സര്, നിങ്ങളത് വളരെ അനായാസമായി ചെയ്തു, അപര്‍ണ ബാലമുരളിയുടെയും കഥാപാത്രത്തെ കണ്ട് അഭിമാനം തോന്നി. ഉര്‍വ്വശി മാമിനേയും പ്രത്യേകം എടുത്തുപറയട്ടെ, അനുഗ്രഹം ലഭിച്ച വ്യക്തിയാണ് നിങ്ങള്‍. എല്ലാറ്റിനും ഉപരിയായി സുധ കൊങ്കാര മാം, ഇത് നിങ്ങളുടെ മാസ്റ്റര്‍ പീസാണ്. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ തീയറ്ററില്‍ കാണാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി’
ഇത് സൂര്യയുടെ തിരിച്ചുവരവാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിലെ അപര്‍ണ ബാലമുരളിയുടേയും ഉര്‍വ്വശിയുടേയും പ്രകടനവും ഒരേ സമയം പ്രശംസ നേടുന്നുണ്ട്. തീയറ്റര്‍ റിലീസ് നഷ്ടപ്പെട്ടതിലെ നിരാശയാണ് പ്രേക്ഷകര്‍ക്ക്.
2 മണിക്കൂറും 24 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. ജാക്കി ഷറോഫ്, മോഹന്‍ ബാബു, കരുണാസ്, പരേഷ് റാവല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനതാക്കള്‍. നികേത് ബോമ്മി റെഡ്ഡിയാണ് ക്യാമറ. ഗായകന് ഹരീഷ് ശിവരാമകൃഷ്ണനാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. 2ഡി എന്റര്ടൈന്മെന്റ്സും സീഖ്യാ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.