രാജ്യത്ത് ദീപാവലി ആഷോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ ബോളിവുഡ് താരം സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിച്ച് മോഹന്‍ലാല്‍. മോഹന്‍ലാലും സഞ്ജയ് ദത്തും ഒരുമിച്ച് നില്‍ക്കുന്നതിന്റെ ഫോട്ടോ പുറത്തുവന്നിട്ടുണ്ട്. ദുബായ്യില് സഞ്ജയ് ദത്തിന്റെ വീട്ടില്‍ ദീപാവലി ആഘോഷത്തിന് മോഹന്‍ലാല്‍ എത്തിയതിന്റെ ഫോട്ടോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സഞ്ജയ് ദത്തുമായി സൗഹൃദമുള്ള നടനാണ് മോഹന്‍ലാല്‍. ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച സഞ്ജയ് ദത്തിന് ആശംസകള്‍ നേരുന്ന മോഹന്‍ലാലിന്റെ പുതിയ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇരുവരുടെയും ഫോട്ടോകള്‍ മുമ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്തിനെയും ചിത്രത്തില്‍ കാണാം.
മാസങ്ങള്‍ക്ക് മുന്‍പാണ് സഞ്ജയ് ദത്ത് താന്‍ ക്യാന്‍സര്‍ ബാധിതനാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. താരം ചികിത്സയ്ക്ക് പോകുന്ന കാര്യവും വ്യക്തമാക്കിയിരുന്നു. പിന്നീട് ക്യാന്‍സര്‍ രോഗ വിമുക്തനായ കാര്യവും സഞ്ജയ് ദത്ത് ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോള്‍ അര്‍ബുദ രോഗ വിമുക്തനായ സഞ്ജയ് ദത്തിനെ മോഹന്‍ലാലിനൊപ്പവും കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് മോഹന്‍ലാലിന്റെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം, ദൃശ്യം 2 എന്നീ സിനിമകളുടെ എഡിറ്റിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അടുത്തിടെയായിരുന്നു ദൃശ്യം 2വിന്റെ ഷൂട്ടിംഗ് നടന്നത്.