തമിഴകത്തിന്റെ മൈക്കിള്‍ ജാക്സന് പ്രഭുദേവ വീണ്ടും വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് താരത്തിന്റെ പുനര്‍ വിവാഹവാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. സഹോദരിയുടെ മകളുമായി താരം പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നുമാണ് അറിയുന്നത്. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
റഹ്മത് എന്ന ലതയാണ് പ്രഭുദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. ആദ്യ ഭാര്യയുമായുള്ള ബന്ധം താരം നേരത്തെ പിരിഞ്ഞിരുന്നു. 1995ലാണ് പ്രഭുദേവയും റംലത്തും വിവാഹിതരായത്. വിവാഹത്തിനായി ഇസ്ലാം മതവിശ്വാസിയായിരുന്ന റംലത് ഹിന്ദു മതം സ്വീകരിച്ചു. ലത എന്ന് പേരും മാറ്റിയിരുന്നു. 2011ലാണ് ഇവര്‍ വിവാഹമോചിതരായത്.
ഏറെനാള്‍ നടി നയന്‍താരയുമായി പ്രഭുദേവ പ്രണയത്തിലായിരുന്നു. ഒരുകാലത്ത് തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ ഒന്നടങ്കം ആഘോഷിച്ച വാര്‍ത്തകളില്‍ ഒന്നായിരുന്നു പ്രഭുദേവയുടേയും നയന്‍താരയുടേയും പ്രണയം. പ്രഭുദേവയെ വിവാഹം കഴിക്കാനായി ക്രിസ്ത്യന്‍ മതവിശ്വാസിയായിരുന്ന നയന്‍താര ഹിന്ദുമതം സ്വീകരിക്കുകയും ഡയാന കുര്യന് എന്ന തന്റെ പേര് മാറ്റി താന്‍ അറിയപ്പെട്ടിരുന്ന നയന്‍താര എന്ന പേര് ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
താന്‍ സംവിധാനം ചെയ്ത് സല്മാന് ഖാന് നായകനായെത്തുന്ന ‘രാധേ’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രഭുദേവ ഇപ്പോള്‍. മാത്രമല്ല പ്രഭുദേവ നായകനായെത്തുന്ന ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.