മലയാളത്തിന്റെ പ്രിയതാരം നസ്രിയ നസീം തെലുങ്ക് സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നു. നാനിയുടെ നായികയായാണ് നസ്രിയ അഭിനയിക്കുന്നത്. റൊമാന്റിക് എന്റര്‍ടെയ്നറായ ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തെലുങ്കില്‍ ആദ്യമായാണ് നസ്രിയ അഭിനയിക്കുന്നത്. വിവേക് അത്രേയ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. 21ന് ചിത്രത്തിന്റെ പേര് പുറത്തുവിടുമെന്നാണ് ലഭിക്കുന്ന വിവരം. തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന് നസ്രിയ പറയുന്നു. ചിത്രത്തിന്റെ പ്രഖ്യാപനത്തിന്റെ ഫോട്ടോ താരം തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നസ്രിയയും നാനിയും ചേര്‍ന്നുള്ള ജോഡിയെ ഡ്രീം കോംബോ എന്നാണ് സംവിധായകന് വിവേക് വിശേഷിപ്പിക്കുന്നത്. നിലവില്‍ മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് നാനി. മറ്റു താരങ്ങള്‍ ആരൊക്കെയാണെന്ന് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. തെലുങ്കില്‍ ആദ്യമായി അഭിനയിക്കാന്‍ തയ്യാറെടുക്കുന്ന നസ്രിയയെ അഭിനന്ദിച്ച് നടന് പൃഥ്വിരാജ് രംഗത്ത് എത്തിയിട്ടുണ്ട്. അഭിനന്ദനങ്ങള്‍ സഹോദരിയെന്നാണ് നസ്രിയയുടെ പോസ്റ്റിന് പൃഥ്വിരാജ് കമന്റ് ഇട്ടിരിക്കുന്നത്.
അറ്റ്ലി സംവിധാനം ചെയ്ത തമിഴ് ചിത്രം രാജാ റാണിയില്‍ നസ്രിയയുടെ വേഷം ശ്രദ്ധേയമായിരുന്നു. ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച നസ്രിയ നായികയായി മലയാളത്തില്‍ തിളങ്ങി നില്‍ക്കുകയാണ്. യുവതാരം ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം താരം ചെറിയ ഇടവേള എടുത്തെങ്കിലും ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്.
വിവാഹത്തിന് ശേഷം ഭര്‍ത്താവ് ഫഹദ് ഫാസിലിനൊപ്പം ‘ട്രാന്‍സ്’ എന്ന ചിത്രത്തില്‍ നസ്രിയ നായികാ വേഷത്തില്‍ എത്തിയിരുന്നു. ദുല്‍ഖര്‍ സല്മാന് നിര്‍മ്മിച്ച ‘മണിയറയിലെ അശോകന്’ എന്ന സിനിമയില്‍ നസ്രിയയുടെ അതിഥി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.