കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ബോളിവുഡിന്റെ ഭാഗമാണ് ആമിര്‍ ഖാന്. ബോളിവുഡിന് നിരവധി ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച ആമിര്‍ പറയുന്നത് സിനിമകള്‍ പരാജയപ്പെടുമ്പോള്‍ താന്‍ കരയാറുണ്ടെന്നാണ്.
സിനിമ ചെയ്യുമ്പോള്‍ എനിക്ക് എന്റെ ബോധ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനാണ് ഇഷ്ടം. അത് ക്ലിക്കായില്ലെങ്കില്‍ എനിക്ക് വിഷമം തോന്നാറുണ്ട്. സിനിമകള്‍ പരാജയപ്പെടുമ്പോള്‍ ഞാന്‍ കരയാറുണ്ട്, ആമിര്‍ പറയുന്നു.
സിനിമയ്ക്കകത്തും പുറത്തുമുള്ളവര്‍ സ്നേഹത്തോടെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്നു വിളിക്കുന്ന താരമാണ് ആമിര്‍ ഖാന്. അദ്ദേഹത്തിന്റെ ഒടുവിലായി ഇറങ്ങിയ പികെ, ദംഗല്‍ എന്നീ ചിത്രങ്ങള്‍ ബോക്സോഫീസില്‍ അട്ടിമറി വിജയങ്ങളാണ് സൃഷ്ടിച്ചത്. എന്നാല്‍ ഇതെല്ലാം വളരെ യാദൃശ്ചികമായി സംഭവിക്കുന്നതാണെന്നാണ് ആമിര്‍ വിശ്വസിക്കുന്നത്.
സിനിമകളുടെ വിജയങ്ങളില്‍ എനിക്കെപ്പോഴും അഭിനന്ദനങ്ങള്‍ ലഭിക്കാറുണ്ട്. പക്ഷെ ഒരു പരിധിവരെ ഇതൊക്കെ യാദൃശ്ചികമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു തിരക്കഥാകൃത്ത് എഴുതുന്ന കഥയാണ് പിന്നീട് സിനിമയായി വളരുന്നത്, ആമിര്‍ പറയുന്നു.
സിനിമ എന്നു പറയുന്നത് ഒരു കൂട്ടായ പ്രവര്‍ത്തനമാണ്. തിരക്കഥാ രചന, കാസ്റ്റിങ്, ലൊക്കേഷന്‍ സൗണ്ട് ഡിസൈന്‍, എഡിറ്റിങ്, മാര്‍ക്കറ്റിങ് ഇതില്‍ ഏതെങ്കിലും ഒന്നില്‍ വീഴ്ചപറ്റിയാല്‍ ചിലപ്പോള്‍ ചിത്രം പരാജയപ്പെട്ടേക്കാം, ആമിര്‍ വ്യക്തമാക്കുന്നു.
യാഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ ആണ് ആമിറിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തില്‍ ആമിര്‍ ഖാനു പുറമെ അമിതാഭ് ബച്ചനും അഭിനയിക്കുന്നുണ്ട്. ആദ്യമായിട്ടാണ് ഇവര്‍ ഇരുവരും ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നത്. തീര്‍ത്തും വ്യത്യസ്തമായൊരു ഗെറ്റപ്പിലാണ് ആമിര്‍ ഈ ചിത്രത്തിലെത്തുന്നത്.