ഓട്ടോ ശങ്കറിന്റെ കഥ പറയുന്ന വെബ് സീരിസിന്റെ ടീസര്‍ പുറത്തിറങ്ങി. അങ്കമാലി ഡയറീസിലൂടെ തിളങ്ങിയ അപ്പാനി ശരത് ആണ് ടൈറ്റില്‍ കഥാപാത്രത്തില്‍ എത്തുന്നത്. രംഗനാണ് സീരീസ് സംവിധാനം ചെയ്യുന്നത്. എണ്‍പതുകളുടെ അവസാനത്തില്‍ ചെന്നൈയിലെ ഗുണ്ടാനേതാവായിരുന്ന ശങ്കറിന്റേയും സംഘത്തിന്റേയും കഥയാണ് ഓട്ടോ ശങ്കര്‍ എന്ന വെബ് സീരീസ്.
തമിഴ്നാടിനെ വിറപ്പിച്ച ക്രൂരനായ കൊലപാതകിയായിരുന്നു ഓട്ടോ ശങ്കര്‍. ഗൗരി ശങ്കര്‍ എന്നായിരുന്നു ഓട്ടോ ശങ്കറിന്റെ യഥാര്‍ഥ പേര്. 1955 ജനുവരി 21ന് ജനിച്ചു. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലക്കാരന് ആണ് ഓട്ടോ ശങ്കര്‍. ജീവിതമാര്‍ഗം തേടിയാണ് ഓട്ടോ ശങ്കര്‍ മദ്രാസ് നഗരത്തിലേക്കെത്തുന്നത്. ആദ്യം പെയിന്റ് ജോലിക്കാരനായി തുടങ്ങി പിന്നീട് റിക്ഷാതൊഴിലാളിയായി മാറുകയായിരുന്നു ഓട്ടോ ശങ്കര്‍.
മദ്യനിരോധനം വന്നതോടെ ശങ്കര്‍ ചാരായം കടത്തലിലേക്ക് കടന്നു. സമാന ചിന്താഗതിക്കാരുമായി കൂട്ടുചേര്‍ന്ന ശങ്കര്‍ തിരുവാന്മിയൂരില്നിന്നും ചെന്നൈ നഗരത്തിലേക്ക് ചാരായം കടത്തി. പിന്നീട് ഒരു അധോലോക സംഘത്തിന് രൂപം നല്കി ഓട്ടോ ശങ്കര്‍ രാജാവായി വാഴുകയായിരുന്നു.