പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നീ സിനിമകള്‍ക്ക് ശേഷം നര്‍മ്മത്തില്‍ പൊതിഞ്ഞ് നാദിര്‍ഷാ അണിയിച്ചൊരുക്കുന്ന മേരാ നാം ഷാജിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ആസിഫ് അലിയും നിഖിലാ വിമലും ചേര്‍ന്ന് അഭിനയിച്ച മനോഹര പ്രണയഗാനം മലയാളികളുടെ പ്രിയതാരം ടൊവീനോ തോമസാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് എമില്‍ മുഹമ്മദാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ശ്രേയ ഘോഷാല്‍ ആലപിച്ച ‘മനസ്സുക്കുള്ള..’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ യൂട്യൂബില്‍ നിരവധി പേരാണ് ആസ്വദിച്ചിരിക്കുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ടീസറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വന്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സമൂഹത്തിന്റെ വ്യത്യസ്ഥ തലങ്ങളില്‍ ജീവിക്കുന്ന മൂന്ന് ഷാജിമാരുടെ കഥപറയുന്ന ചിത്രത്തില്‍ ബൈജുവും ആസിഫ് അലിയും ബിജു മോനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒരു മുഴുനീള എന്ര്ടെയ്നറായെത്തുന്ന സിനിമയില്‍ ധര്മ്മജന്, ടിനി ടോം, ജാഫര്‍ ഇടുക്കി ഷഫീഖ് റഹ്മാന്, ജോമോന്, മൈഥിലി, സുരഭി എന്നിവരും അണിനിരക്കുന്നുണ്ട്. ബി രാകേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീപ് പൊന്നനാണ്. ചിത്രം ഉടന്‍ തീയ്യേറ്ററുകളിലെത്തും.