2018ലെ മികച്ച ജനപ്രിയ ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സുഡാനി ഫ്രം നൈജീരിയയെ പ്രശംസിച്ച് മലയാളത്തിലെ പ്രിയതാരം ഫഹദ് ഫാസില്‍. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല മലയാള സിനിമ സുഡാനി ഫ്രം നൈജീരിയയാണെന്ന് ഫഹദ് ഫാസില്‍ വെളിപ്പെടുത്തി. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ‘ഇനു’ റിലീസ് ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സാഫി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് കോളേജ് ഡെ ‘ആവാസിയോ’ യില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു ഫഹദ്. മനുഷ്യനുമായി ഇണങ്ങുന്ന മൃഗങ്ങളെ ഉപയോഗിച്ച് ശാരീരിക മാനസിക രോഗികളെ പരിചരിക്കുന്ന ചികിത്സാ രീതിയായ പെറ്റ് തെറാപ്പി പ്രമേയമായ മലയാളത്തിലെ ആദ്യ ഹ്രസ്വ ചിത്രമാണ് ഇനു. മൂവ്യൂ ബ്രിഡ്ജിന്റെ ബാനറില്‍ സിയാസ് മീഡിയ സ്കൂളാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സക്കരിയയുടെ സംവിധാന മികവില്‍ ഒരുങ്ങിയ മലയാള ചലച്ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. സൗബിന് സാഹിര്‍ നായകനായി എത്തുന്ന ആദ്യ സിനിമയാണ് ഇത്. 2018 മികച്ച ജനപ്രിയ ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡിന് പുറമെ 2018 ലെ മികച്ച നടന്, മികച്ച തിരക്കഥ, മികച്ച നവാഗത സംവിധായകന്, മികച്ച സ്വഭാവ നടിമാര്‍ എന്നിങ്ങനെ 5 സംസ്ഥാന ചലചിത്ര പുരസ്കാരങ്ങള്‍ ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്.