മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ സിനിമയാകുന്നു. ‘മേജര്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമ തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്ടയിന്മെന്റുമായി ചേര്‍ന്ന് സോണി പിക്ച്ചേഴ്സാണ് നിര്‍മിക്കുന്നത്.
സോണി പിക്ച്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹിന്ദിയിലും തെലുങ്കിലുമായി സിനിമ നിര്‍മ്മിക്കും. തെലുങ്കിലെ യുവതാരം ആദിവി സേഷ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രില്‍, മേയ് മാസങ്ങളില്‍ ആരംഭിക്കും. ഗൂഡാച്ചാരി എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകന് ഷഷികിരണ്‍ ടിക്കയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
ആര്‍മി മേജറായിരുന്ന സന്ദീപ് ദേശീയ സുരക്ഷാസേനയില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. 2008 നവംബര്‍ 28നായിരുന്നു സംഭവം. 2008ല്‍ ഭീകരവാദികള്‍ മുംബൈ ആക്രമിച്ച സമയത്ത് അവര്‍ ബന്ദികളാക്കിയവരെ രക്ഷിക്കാന്‍ നിയോഗിച്ച ദേശീയ സുരക്ഷാസേനയില്‍ അംഗമായിരുന്നു സന്ദീപ്. ഓപ്പറേഷന് ബ്ലാക്ക് ടൊര്‍ണാഡോ എന്ന പേരിലാണ് തീവ്രവാദികള്‍ നിലയുറപ്പിച്ച താജ് ഹോട്ടലിലേക്ക് കമാന്‍ഡോകള്‍ നടത്തിയ പ്രത്യാക്രമണം അറിയപ്പെടുന്നത്. തീവ്രവാദികള്‍ക്കുനേരെ കുതിച്ച സന്ദീപ് തീവ്രവാദികളുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങി.