സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ സംവിധായകനായ സക്കറിയ മുഹമ്മദ് 2018ലെ ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. സംവിധായകന് ജി അരവിന്ദന്റെ പേരില്‍ ദേശീയ തലത്തിലുള്ള പുരസ്കാരമാണിത്. ഇക്കുറി അരവിന്ദന് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത് ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നായി 25 സിനിമകളാണ്. 25000രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം. അരവിന്ദന്റെ ജന്മദിനമായ മാര്‍ച്ച് 15ന് തിരുവനന്തപുരത്ത് വച്ച് പുരസ്കാരം സക്കറിയക്ക് സമര്‍പ്പിക്കും.
ചിത്രത്തോടുള്ള സക്കറിയയുടെ സമീപനം നവാഗതനാണെന്നു തോന്നിക്കാത്ത വിധത്തിലാണ്. ഫുട്ബോളിന്റെ മലബാര്‍ ജീവിതത്തെ തന്മയത്വത്തോടെ സിനിമയിലേക്ക് സന്നിവേശിപ്പിച്ചിട്ടുണ്ട് സക്കറിയ. മലബാറിലെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പശ്ചാത്തലത്തില്‍ ലോകമെങ്ങുമുള്ള മനുഷ്യരെപ്പറ്റിയും അവരുടെ ആശങ്കകളെപ്പറ്റിയും സംസാരിക്കുന്ന സിനിമയായിരുന്നു സുഡാനി ഫ്രം നൈജീരിയ.
പ്രേക്ഷകനിരൂപക പ്രശംസകള്‍ പിടിച്ചു പറ്റിയ സുഡാനി ഫ്രം നൈജീരിയ ഇതിനോടകം രാജ്യാന്തരമേളകളിലും പുരസ്കാരനിറവില്‍ തിളങ്ങിയിരുന്നു. മൊറോക്കോയിലും ഐഎഫ്എഫ്കെയിലും സിനിമക്കും സംവിധായകനും അവാര്‍ഡുകള്‍ നേടിക്കൊടുത്തിരുന്നു ഈ ചിത്രം. മൊഹ്സീന് പെരാരിയും സക്കറിയയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സമീര്‍ താഹിറാണ് ചിത്രം നിര്‍മ്മിച്ചത്.