എട്ട് വയസ്സുള്ള രാധ എന്ന പെണ്‍കുട്ടിയും അവളുടെ വീടും പറമ്പും വൃത്തിയാക്കാനെത്തുന്ന അറുപത്തഞ്ച് വയസ്സുള്ള അഴകന് എന്ന കൂലിപ്പണിക്കാരനും തമ്മിലുണ്ടാവുന്ന ആത്മബന്ധത്തിന്റെ കഥ പറയുന്ന ‘പെങ്ങളില’ തീയേറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുന്നു. ടിവി ചന്ദ്രന് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ അഴകനായി ലാലും രാധയായി അക്ഷര കിഷോറുമാണ് എത്തുന്നത്. ചിത്രം 2019 മാര്‍ച്ച് 8 ന് റിലീസ് ചെയ്യും.
ജാതി രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ കീഴാളസമൂഹത്തെ പ്രതിനിധീകരിച്ച് അഴകന് എന്ന കഥാപാത്രത്തെ നടന് ലാല്‍ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കാതല്‍ എട്ട് വയസ്സുള്ള രാധ എന്ന പെണ്‍കുട്ടിയും അറുപത്തഞ്ച് വയസ്സുള്ള അഴകന് എന്ന കൂലിപ്പണിക്കാരനും തമ്മിലുണ്ടാവുന്ന സ്നേഹബന്ധമാണ്. അഴകനും രാധയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തമെങ്കിലും അഴകന്റെ പഴയകാല ജീവിതം, രാധയുടെ കുട്ടിക്കാലം, രാധയുടെ അമ്മയുടെ ഒറ്റപ്പെടല്‍ തുടങ്ങിയ വിഷയങ്ങളിലൂടെയെല്ലാം ചിത്രം നമ്മെ കൂട്ടിക്കോണ്ടുപോകും.
ചിത്രത്തിന്റെ പെങ്ങളില എന്ന ടൈറ്റില്‍ അന്തരിച്ച കവി എ അയ്യപ്പന്റെ കവിതയിലെ പ്രയോഗമാണ്. കൂടാതെ പ്രമുഖ കവി കെ സച്ചിദാനന്ദന്റെ പുലയപ്പാട്ട് എന്ന കവിതയും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ലാലിനേയും അക്ഷര കിഷോറിനേയും കൂടാതെ നരേന്, രഞ്ജി പണിക്കര്‍, ഇന്ദ്രന്‍സ്, ഇനിയ, ബേസില്‍ പൗലോസ്, നൗഷാദ്, പ്രിയങ്ക നായര്‍, നീതു ചന്ദ്രന്, അമ്പിളി സുനില്‍, ഷീല ശശി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഛായാഗ്രഹണം സന്തോഷ് തുണ്ടിയില്‍ ആണ്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് വിഷ്ണു മോഹന്‍സിത്താരയും പശ്ചാത്തല സംഗീതം ബിജിപാലുമാണ്. ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് കെ സച്ചിദാനന്ദനും അന്‍വര്‍ അലിയുമാണ്.